| Monday, 20th February 2023, 3:07 pm

ഇന്ത്യക്കായി കളിക്കാനില്ല, നിരീക്ഷണ വലയത്തില്‍ ഇനി ബുംറ നേരെ ഐ.പി.എല്ലിലേക്ക്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡിലും ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിലും ഇടം നേടാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇനി നേരിട്ട് ഐ.പി.എല്ലിലാകും കളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ വര്‍ക് ലോഡുകള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യപ്പെടുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഐ.പി.എല്ലിന് പിന്നാലെയെത്തുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരവും ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന 50 ഓവര്‍ ലോകകപ്പും കണക്കിലെടുത്താണ് ബുംറയുടെ ഐ.പി.എല്‍ മത്സരങ്ങള്‍ മോണിറ്റര്‍ ചെയ്യപ്പെടാന്‍ പോകുന്നത്.

ക്രിക് ബസ്സിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) താരത്തിന് കളിക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. ഐ.പി.എല്ലിലെ താരത്തിന്റെ വര്‍ക് ലോഡ് മാനേജ്‌മെന്റ് കൃത്യമായി തന്നെ നിരീക്ഷിക്കും.

ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായ ബുംറ ഓസീസിനെതിരെ കളിക്കില്ലെന്ന് ഏറെക്കുറെ നേരത്തെ തന്നെ ഉറപ്പായിരുന്നു. ബുംറയുടെ കാര്യത്തില്‍ ധൃതി പിടിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതില്ല എന്ന തീരുമാനമായികുന്നു അപെക്‌സ് ബോര്‍ഡ് നേരത്തെ സ്വീകരിച്ചത്.

നേരത്തെ പരിക്കിന്റെ പിടിയിലായ ബുംറ അവസാന രണ്ട് ടെസ്റ്റിന് മുമ്പ് പൂര്‍ണമായും ഫിറ്റ്നെസ് മടക്കിയെടുക്കുമെന്നും അതുകൊണ്ടുതന്നെ ഓസീസിനെതിരെ ബൗളിങ്ങില്‍ ഇന്ത്യയുടെ സ്പിയര്‍ ഹെഡ്ഡാകാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകളെല്ലാം തന്നെ അസ്ഥാനത്താക്കിക്കൊണ്ടാണ് ബി.സി.സി.ഐ കഴിഞ്ഞ ദിവസം സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

ഏറെ കാലമായി ടീമിന്റെ ഭാഗമല്ലാതിരുന്ന ബുംറക്ക് ഏഷ്യാ കപ്പും ടി-20 ലോകകപ്പും നഷ്ടമായിരുന്നു. ബാക്ക് ഇന്‍ജുറിയായിരുന്നു താരത്തെ പുറകോട്ട് വലിച്ചത്.

ഐ.പി.എല്ലില്‍ താരം ഫുള്‍ ഫോമില്‍ മടങ്ങിയെത്തിയേക്കും. കഴിഞ്ഞ തവണ ഐ.പി.എല്ലില്‍ ചരിത്രത്തിലെ തന്നെ മോശം പ്രകടനം കാഴ്ചവെക്കേണ്ടി വന്ന മുംബൈ ഇന്ത്യന്‍സിന് ബുംറയുടെ ഫോം നിര്‍ണായകമാകും.

ഏപ്രില്‍ രണ്ടിനാണ് ഐ.പി.എല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.

ഇന്ത്യ സ്‌ക്വാഡ് (മൂന്ന്, നാല് ടെസ്റ്റ്)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്.

ഇന്ത്യ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമമ്ദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്.

Content Highlight: Reports says Jasprit Bumrah to directly play in IPL 2023

Latest Stories

We use cookies to give you the best possible experience. Learn more