പരിക്കിന്റെ പിടിയലകപ്പെട്ട് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഈ സീസണിലെ ഐ.പി.എല്ലും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് താരം പരിക്കില്‍ നിന്ന് ഇനിയും പൂര്‍ണമായും മോചിതനായിട്ടില്ല. ബുംറ ക്രിക്കറ്റില്‍ നിന്ന് ഇനിയും നീണ്ട ഇടവേളയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന 2023 ഐ.സി.സി ലോകകപ്പിന് മുമ്പായി ബുംറ പൂര്‍ണമായും ഫിറ്റായിരിക്കണമെന്നും അദ്ദേഹം ടീമിനൊപ്പം വേണമെന്നുമാണ് അപെക്‌സ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇതിന്റെ ഭാഗമായി താരത്തിനോട് ഐ.പി.എല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരുപക്ഷേ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നാണ് ബുംറ അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്. പരിക്കിന് പിന്നാലെ താരം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചെങ്കിലും എന്‍.സി.എ അദ്ദേഹത്തെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല.
പരിക്കിന്റെ പിടിയിലകപ്പെട്ടതിന് പിന്നാലെ ഏഷ്യാ കപ്പും ടി-20 ലോകകകപ്പും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും അടക്കമുള്ള പരമ്പരകളും ടൂര്‍ണമെന്റുകളും താരത്തിന് നഷ്ടമായിരുന്നു.
ബുംറയുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ ടീമിന്റെ മാത്രമല്ല മുന്‍താരങ്ങളുടെ പോലും ആശങ്കയായി മാറി. ബുംറ ആരോഗ്യം വീണ്ടെടുക്കാനായി ഈ സീസണിലെ ഐ.പി.എല്ലില്‍ കളിക്കരുതെന്ന് മുംബൈ ഇന്ത്യന്‍സിനോട് ബി.സി.സി.ഐ ആവശ്യപ്പെടണമെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞത്.
‘അവന്‍ ഇന്ത്യന്‍ താരമാണ്. അതിന് ശേഷമേ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ബുംറക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എന്ന് കരുതുകയാണെങ്കില്‍ ബി.സി.സി.ഐ ആ ഫ്രാഞ്ചൈസിയോട് ഞങ്ങളവനെ റിലീസ് ചെയ്യാന്‍ പോകുന്നില്ലെന്ന് പറയണം. ജോഫ്രാ ആര്‍ച്ചറുമൊത്ത് ഏഴ് മത്സരം കളിച്ചില്ല എങ്കില്‍ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല,’ എന്നായിരുന്നു ചോപ്ര പറഞ്ഞത്.
നേരത്തെ, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്ന്, നാല് ടെസ്റ്റുകളിലും ഏകദിന പരമ്പരയിലും ബുംറ ടീമിനൊപ്പമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിക്കുന്നതായിരുന്നു ബുംറയുടെ ആരോഗ്യസ്ഥിതി. ബുംറയെ കൂടാതെയായിരുന്നു ഇന്ത്യ ശേഷിക്കുന്ന ടെസ്റ്റിനും ഏകദിന പരമ്പരക്കുമുള്ള സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്.
വരാനിരിക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഐ.സി.സി ഏകദിന ലോകകപ്പിലും ബുംറ ഇന്ത്യക്കൊപ്പം ചേരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Reports says Jasprit Bumrah may miss IPL 2023