ആദ്യ ടെസ്റ്റ് ജയിച്ചിട്ടും ഇന്ത്യക്ക് തലവേദന ഒഴിയുന്നില്ല; തലയില്‍ കൈവെച്ചിരിക്കേണ്ട അവസ്ഥയില്‍ രോഹിത്
Sports News
ആദ്യ ടെസ്റ്റ് ജയിച്ചിട്ടും ഇന്ത്യക്ക് തലവേദന ഒഴിയുന്നില്ല; തലയില്‍ കൈവെച്ചിരിക്കേണ്ട അവസ്ഥയില്‍ രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th February 2023, 8:32 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറിയും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.

ആദ്യ ടെസ്റ്റ് വിജയിച്ചതിന്റെ അതേ ആത്മവിശ്വാസത്തില്‍ തന്നെയാകും ദല്‍ഹിയില്‍ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റിന് രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.

എന്നാല്‍, രണ്ടാം ടെസ്റ്റിന് മുന്നോടിയായി അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് ഇന്ത്യന്‍ ക്യാമ്പിനെ അലട്ടുന്നത്. സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ രണ്ടാം ടെസ്റ്റിലും കളിക്കാനുണ്ടായേക്കില്ല എന്നാണ് സൂചനകള്‍.

പി.ടി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ശ്രേയസ് അയ്യരിന് രണ്ടാം ടെസ്റ്റും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പുറം ഭാഗത്തേറ്റ പരിക്കാണ് അയ്യരിനെ രണ്ടാം ടെസ്റ്റില്‍ നിന്നും പുറകോട്ട് വലിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനിലാണ് ശ്രേയസ് അയ്യര്‍ നിലവിലുള്ളത്.

നേരത്തെ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരക്കിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം നഷ്ടമായേക്കുമെന്നും രണ്ടാം മത്സരത്തില്‍ ടീമിനൊപ്പം ചേരുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശ്രേയസ് അയ്യരിന്റെ പരിക്കിനോടൊപ്പം തന്നെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ ആരോഗ്യനിലയും ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബുംറ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലെ മൂന്ന്, നാല് ടെസ്റ്റുകളില്‍ മടങ്ങിയെത്തിയേക്കുമെന്നായിരുന്നു അറിയിച്ചത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബുംറയുടെ കാര്യത്തില്‍ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കേണ്ട എന്ന നിലപാടായിരുന്നു ബി.സി.സി.ഐ സ്വീകരിച്ചത്.

 

ഈ വര്‍ഷം ഐ.സി.സി ലോകകപ്പ് നടക്കുന്നതിനാല്‍ ബുംറയുടെ കാര്യത്തില്‍ റിസ്‌ക്കെടുക്കാന്‍ സാധിക്കില്ലെന്നും തിരക്കുപിടിച്ച് ഒന്നും ചെയ്യാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മാര്‍ച്ച് 17ന് ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ ബുംറ ടീമിനൊപ്പമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറ ഏകദിന പരമ്പരയും കളിക്കാന്‍ സാധ്യതയില്ല. മൂന്ന് ഏകദിനമാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലുള്ളത്.

 

ഇരുവരുടെയും കുറവ് നികത്താന്‍ പോന്നവര്‍ ടീമിനൊപ്പമുണ്ടെങ്കിലും ആരാധകര്‍ അതുകൊണ്ടൊന്നും തൃപ്തരല്ല. ഈ വര്‍ഷം ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ ഇന്ത്യയുടെ വണ്‍ ഡേ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് 50 ഓവര്‍ മാച്ചുകള്‍ നഷ്ടപ്പെടുന്നത് വേള്‍ഡ് കപ്പിലും ഇന്ത്യക്ക് ഗുണകരമാവില്ല.

 

Content Highlight: Reports says Jasprit Bumrah and Shreyas Iyer may  miss matches against Australia