| Sunday, 22nd October 2023, 4:59 pm

സാഞ്ചോ ജനുവരിയില്‍ ഓൾഡ് ട്രാഫോർഡ് വിട്ടേക്കും; റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ജേഡന്‍ സാഞ്ചോ ഈ ജനുവരിയില്‍ ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗ് ജനുവരിയില്‍ സാഞ്ചോയെ ടീമില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തതായി ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാഞ്ചോ ജനുവരിയില്‍ സൗദി ക്ലബ്ബായ അല്‍ ഇത്തിഫാക്കിലേക്ക് പോവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പരിശീലനത്തിനിടെ സാഞ്ചോയുടെ പ്രകടനങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോച്ച് ടെന്‍ ഹാഗിനെതിരെ ഇംഗ്ലീഷ് താരം ആഞ്ഞടിച്ചിരുന്നു. ടെന്‍ ഹാഗ് തന്നെ ബലിയാടാക്കുന്നുവെന്നായിരുന്നു സാഞ്ചോയുടെ വാദം.

ഈ സംഭവത്തിന് പിന്നാലെ ടെന്‍ ഹാഗും സാഞ്ചോയും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ വഷളാവുകയായിരുന്നു. ഇതിനുശേഷം താരത്തിന് യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല.

2021ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് സാഞ്ചോ ഓൾഡ് ട്രാഫോർഡിൽ എത്തുന്നത്. ഡോര്‍ട്മുണ്ടിനായി 137 മത്സരങ്ങളില്‍ നിന്നും 50 ഗോളുകളും 64 അസിസ്റ്റുകളുമാണ് സാഞ്ചോ നേടിയത്.

എന്നാല്‍ ഇതേ ഫോം റെഡ് ഡെവിള്‍സിനൊപ്പം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതും താരത്തിന് തിരിച്ചടിയായി. യുണൈറ്റഡിനൊപ്പം 82 മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ മാത്രമാണ് സാഞ്ചോക്ക് നേടാന്‍ കഴിഞ്ഞത്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ടെന്‍ ഹാഗ് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയുമടക്കം 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

Content Highlight:  Jadon sancho will leave Manchester United in January: Reports

We use cookies to give you the best possible experience. Learn more