| Monday, 7th October 2024, 4:51 pm

മെസി ഇംപാക്ട്; ഇന്റര്‍ മയാമിക്ക് വേണ്ടി ടൂര്‍ണമെന്റിന്റെ നിയമം തന്നെ തിരുത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സൂപ്പര്‍ താരം ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് കാലെടുത്ത് വെച്ചത്. അന്നുവരെ ഫുട്‌ബോള്‍ ലോകം അധികം ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ടൂര്‍ണമെന്റും ക്ലബ്ബും ഒറ്റയടിക്ക് ലോകപ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.മെസിയുടെ വരവ് ക്ലബ്ബിനും മേജര്‍ ലീഗ് സോക്കറിനും നല്‍കിയ മൈലേജ് ചില്ലറയല്ല.

കളിക്കളത്തില്‍ മാത്രമല്ല ഗ്രൗണ്ടിന് പുറത്തും ക്ലബ്ബിന് മെസി കാരണം നേട്ടങ്ങളേറെ ഉണ്ടായി. ചെയ്‌സ്, ഓഡി, അഡിഡാസ്, റോയല്‍ കിരീബിയന്‍ പോലുള്ള ബ്രാന്‍ഡുകളുമായി ക്ലബ്ബ് മള്‍ട്ടി മില്യണ്‍ ഡോളറിന്റെ കരാറിലെത്തി. മെസിയുടെ വരവിന് പിന്നാലെ ടീമിന്റെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചതായി ഇന്റര്‍ മയാമിയുടെ സഹ ഉടമയായ ജോര്‍ജ് മാസ് വെളിപ്പെടുത്തിയിരുന്നു.

ജേഴ്‌സിയടക്കമുള്ള മെര്‍ച്ചെന്‍ഡൈസുകളുടെ വില്‍പനയിലൂടെ ശത കോടികള്‍ ക്ലബ്ബിനും ലീഗിനും ലഭിച്ചു. ഏറ്റവുമധികം വില്‍ക്കപ്പെട്ട ജേഴ്‌സികളില്‍ ഇടം നേടാനും ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്‌സിക്ക് സാധിച്ചു.

ഇപ്പോള്‍ ഇന്റര്‍ മയാമിയെ ജേഴ്‌സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാന്‍ മേജര്‍ ലീഗ് സോക്കര്‍ അനുവദിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുതിയ സീസണില്‍ ഇന്റര്‍ മയാമിയെ ഹോം കിറ്റും എവേ കിറ്റും പുറത്തിറക്കാന്‍ എം.എല്‍.എസ് അനുവദിച്ചു എന്നാണ് വേള്‍ഡ് സോക്കര്‍ ടോക്‌സിനെ ഉദ്ധരിച്ച് ഫൂട്ടി ഹെഡ്‌ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേജര്‍ ലീഗ് സോക്കറില്‍ സാധാരണയായി പുതിയ സീസണില്‍ ക്ലബ്ബിന് ഒരു ജേഴ്‌സി മാത്രമേ പുതുതായി പുറത്തിറക്കാനുള്ള അനുവാദമുള്ളൂ. അത് ഹോം കിറ്റോ എവേ കിറ്റോ ആകാം. പഴയ ഒരു ജേഴ്‌സി നിലനിര്‍ത്തുകയാണ് സാധാരണയായി ചെയ്യുക. ഈ നിയമം മറികടക്കാനാണ് ക്ലബ്ബ് മയാമിയെ അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഫുട്‌ബോള്‍ മയാമി ടി.വിയുടെ ഹോസ്റ്റായ പീറ്റര്‍ ബ്രൗണും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാണിജ്യപരമായ നേട്ടങ്ങള്‍ക്കായി ജേഴ്‌സി നിയമം ലംഘിക്കാന്‍ മയാമിയെ അനുവദിക്കുമെന്നാണ് ബ്രൗണ്‍ പറയുന്നത്.

‘ഈ ലീഗില്‍ മറ്റേത് ടീമിനെക്കാളും ജേഴ്‌സികള്‍ അവര്‍ വില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ജേഴ്‌സി റൂള്‍ ബ്രേക് ചെയ്യാന്‍ അവരെ അനുവദിച്ചിട്ടുണ്ട്.

സാധാരണയയായി ഓരോ ടീമിനും ഓരോ വര്‍ഷവും ഒരു പുതിയ ജേഴ്‌സി പുറത്തിറക്കാം. എന്നാല്‍ ഇന്റര്‍ മയാമി ഈ രീതി തകര്‍ക്കുകയാണ്. കാരണം അവര്‍ എത്രയോ അധികം ജേഴ്‌സി വില്‍ക്കുന്നു.

മയാമിയുടെ പിങ്ക് ജേഴ്‌സി വാങ്ങിയ ആളുകള്‍ ടീമിന്റെ പുതിയ പിങ്ക് ജേഴ്‌സിയും വാങ്ങിയാല്‍ ഇന്റര്‍ മയാമി, എം.എല്‍.എസ്, അഡിഡാസ് എന്നിവര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കാം,’ ബ്രൗണ്‍ പറഞ്ഞു.

അതേസമയം, മയാമി അടുത്ത സീസണിലേക്കുള്ള ജേഴ്‌സി ഡിസൈന്‍ ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലയണല്‍ മെസിയുടെ നേട്ടങ്ങളെ ആദരിക്കുന്ന തരത്തിലാണ് ഡിസൈന്‍ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content highlight: Reports says Inter Miami set to be allowed to break MLS rule

We use cookies to give you the best possible experience. Learn more