| Saturday, 25th February 2023, 10:33 pm

ഇത് പറ്റിക്കലല്ല, മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യ ഉറപ്പായും റാങ്കിങ്ങില്‍ ഒന്നാമതെത്തും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കായികമാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ, രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

സാങ്കേതികമായ തകരാറാണ് ഇതിന് പിന്നിലെന്ന് ഐ.സി.സി അറിയിച്ചു. നാലു മണിക്കൂര്‍ മാത്രമായിരുന്നു അന്ന് ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തുടരാന്‍ സാധിച്ചത്. ഐ.സി.സി റാങ്ക് പട്ടികയുടെ അപ്‌ഡേഷന് ശേഷം ഓസ്‌ട്രേലിയ തന്നെ ഒന്നാമതെത്തുകയായിരുന്നു. വിഷയത്തില്‍ ഐ.സി.സി ഖേദപ്രകടനവും നടത്തിയിരുന്നു.

എന്നാല്‍, മൂന്നാം ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ട്രോളുകളും ഉയരുന്നുണ്ട്. ഐ.സി.സി മാപ്പു പറഞ്ഞ് വീണ്ടും ഒന്നാം സ്ഥാനം ഓസ്‌ട്രേലിയക്ക് കൊടുക്കും, വെറുതെ മോഹിപ്പിക്കരുത് തുടങ്ങി നിരവധി ട്രോളുകളാണ് ഉയരുന്നത്.

നിലവില്‍ ഓസ്‌ട്രേലിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 3668 പോയിന്റും 126 റേറ്റിങ്ങുമാണ് ഓസ്‌ട്രേലിയക്കുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 3690 പോയിന്റും 115 റേറ്റിങ്ങുമുണ്ട്.

മാര്‍ച്ച് ഒന്നിനാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം നടക്കുന്നത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഓസീസിന് ട്രോഫി നാട്ടിലെത്തിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സമനിലയിലാക്കാനാകും ഓസ്‌ട്രേലിയ ശ്രമിക്കുക. ഇതിന് മുമ്പ് 2004ല്‍ ഒരിക്കല്‍ മാത്രമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ സീരീസ് സമനിലയില്‍ കലാശിച്ചത്.

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ല. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ താരം മൂന്നാം മത്സരത്തില്‍ ടീമിനൊപ്പം ചേരില്ല എന്ന് അറിയിച്ചിരുന്നു.

കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തായിരിക്കും ഇന്ത്യയെ നയിക്കുക.

ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചെങ്കിലും പല താരങ്ങളുടെയും പ്രകടനം ഇന്ത്യക്ക് മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരത്തിലെ അതേ സ്‌ക്വാഡിനെ തന്നെയാണ് പരീക്ഷിക്കുന്നതെങ്കിലും പ്ലെയിങ് ഇലവനില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടായേക്കും.

കെ.എല്‍. രാഹുലിന് പകരം ശുഭ്മന്‍ ഗില്‍ ടീമിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ സ്‌ക്വാഡ് (മൂന്ന്, നാല് ടെസ്റ്റ്)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്,ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ.

Content highlight: Reports says, India will top the ICC rankings if they win the third Test.

We use cookies to give you the best possible experience. Learn more