| Friday, 7th June 2024, 4:22 pm

ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിൽ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി; അങ്ങനെ സംഭവിച്ചാൽ എല്ലാം തീരുമാനമാവും!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ ഒമ്പതിന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. മേജര്‍ ടൂര്‍ണമെന്റ്കളുടെ വേദിയില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ആരാധകര്‍ക്കിടയിലും വലിയ ആവേശമാണ് നിറഞ്ഞുനില്‍ക്കുക.

എന്നാല്‍ ന്യൂയോര്‍ക്കിലെ നസാവും കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം മഴ മുടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

കാലാവസ്ഥ പ്രവചനമനുസരിച്ച് ജൂണ്‍ ഒമ്പതിന് 50 ശതമാനത്തിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്യൂ വെതര്‍ പറയുന്നത് അനുസരിച്ച് ഞായറാഴ്ച പകല്‍ മുഴുവന്‍ മഴപെയ്യാന്‍ സാധ്യതയുണ്ട് എന്നാണ്.

മത്സരം തുടങ്ങി അരമണിക്കൂറിന് ശേഷം രാവിലെ 11 മണിമുതല്‍ മഴപെയ്യാന്‍ 51 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂയോര്‍ക്കിലെ നസ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലുമണിവരെ 45 ശതമാനം മുതല്‍ 50 ശതമാനം വരെ മഴപെയ്യുമെന്നും അതിനു ശേഷം മഴ 30 ശതമാനമായി കുറയുമെന്നുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട് പറയുന്നത്.

മഴ നിര്‍ത്താതെ പെയ്യുകയാണെങ്കില്‍ കളി ഉപേക്ഷിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. എന്നാല്‍ മത്സരത്തിന് ഇനിയും രണ്ടുദിവസം ബാക്കിനില്‍ക്കെ പ്രവചനങ്ങള്‍ക്ക് അതീതമായി മഴ എത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു അമേരിക്ക ബാബര്‍ അസമിനെയും കൂട്ടരെയും വീഴ്ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Content Highlight: Reports says India vs Pakistan Match There is a chance of rain

Latest Stories

We use cookies to give you the best possible experience. Learn more