| Monday, 1st July 2024, 9:57 am

ബാർബഡോസിൽ നിന്നും ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങാൻ വൈകും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരുന്നു. 2007നു ശേഷം ഇന്ത്യയുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പാണ് രോഹിത് ശര്‍മയും സംഘവും അവസാനിപ്പിച്ചത്.

ലോകകപ്പ് വിജയത്തിന്റെ തലയെടുപ്പോടെ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ ടീം വൈകുമെന്നാണ് ഇപ്പോള്‍. ബെറിന്‍ ചുഴലികാറ്റ് വരും ദിവസങ്ങളില്‍ ബാര്‍ബഡോസിനെ ശക്തമായ രീതിയില്‍ ബാധിക്കും എന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ മടങ്ങിവരവ് കുറഞ്ഞത് ഒരു ദിവസമെങ്കിലും വൈകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് എത്തുന്നത്. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങള്‍ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവ് വൈകുകയായിരുന്നു. ഇതോടെ ബ്രിഡ്ജ് ടൗണിലെ വിമാനത്താവളം വൈകുന്നേരത്തോടെ അടച്ചിടും.

നേരത്തെ ന്യൂയോര്‍ക്കില്‍ നിന്ന് ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്ത്യയിലേക്ക് പോവാനായിരുന്നു ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥാ ഭീഷണി നിലനിന്നതോടെ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സപ്പോര്‍ട്ട് സ്റ്റാഫും കുടുംബങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 70 ഓളം ആളുകളാണ് ഇന്ത്യന്‍ ടീമിനൊപ്പം നാട്ടിലേക്ക് തിരിക്കാനുള്ളത്.

അതേസമയം കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലും ടി-20യിലും ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന നേട്ടത്തിലേക്കാണ് ഇന്ത്യ കാലെടുത്തുവെച്ചത്.

നാല് കിരീടങ്ങളാണ് ഇന്ത്യ നേടിയത്. 1983, 2011 എന്നീ വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പും 2007ന് ശേഷം ഇപ്പോള്‍ ടി-20 ലോകകപ്പും ഇന്ത്യ നേടിയതോടെയാണ് ഇന്ത്യ പുതിയ നേട്ടത്തിലേക്ക് നടന്നുകയറിയത്.

Content Highlight: Reports says India Team will be late to Reach in India 

We use cookies to give you the best possible experience. Learn more