ഇന്ത്യക്ക് ഇനി ടെസ്റ്റ് പരമ്പരകളുടെ കാലമാണ്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. സ്വന്തം മണ്ണില്‍ രണ്ട് പരമ്പരകളും എതിരാളികളുടെ തട്ടകത്തില്‍ ഒരു പരമ്പരയും ആറ് മാസത്തില്‍ ഇന്ത്യ കളിക്കും.
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇതില്‍ ആദ്യത്തേത്. ഈ പര്യടനത്തില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയുമാണുള്ളത്.
സെപ്റ്റംബര്‍ 19നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ചെപ്പോക്കാണ് വേദി. സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ഗ്രീന്‍ പാര്‍ക്കാണ് വേദിയാകുന്നത്.
ബംഗ്ലാ കടുവകളുടെ പര്യടനത്തിന് പിന്നാലെ കിവികളും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ കളിക്കുക. ഒക്ടോബര്‍ 16നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തിന് ചിന്നസ്വാമി സ്റ്റേഡിയവും രണ്ടാം മത്സരത്തിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയവും വേദിയാകുമ്പോള്‍ വാംഖഡെയാണ് മൂന്നാം ടെസ്റ്റിന് വേദിയാകുന്നത്.
ഇതിന് ശേഷം ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ നാല് ടി-20കളുടെ പരമ്പര കളിച്ച് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും. നവംബര്‍ അവസാന വാരം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ബി.ജി.ടി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യക്കായി സൂപ്പര്‍ താരം അര്‍ഷ്ദീപ് സിങ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പരിക്കില്‍ നിന്നും മടങ്ങിയെത്തുന്ന ഷമിയും വലംകയ്യില്‍ വേഗതയൊളിപ്പിക്കുമ്പോള്‍ ഇടം കൈ പേസറുടെ അഭാവം അര്‍ഷ്ദീപിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഓസീസ് മണ്ണില്‍ അര്‍ഷ്ദീപിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ബി.സി.സി.ഐ കണക്കുകൂട്ടുന്നതെന്ന് അപെക്‌സ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അര്‍ഷ്ദീപിനോട് ആഭ്യന്തര മത്സരങ്ങള്‍ കളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
‘വൈറ്റ് ബോള്‍ മാച്ചുകളില്‍ അര്‍ഷ്ദീപ് ഇന്ത്യക്കായി വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ തുടങ്ങി ആഭ്യന്തര തലത്തില്‍ കുറച്ച് റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ അവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഓസ്‌ട്രേലിയന്‍ ടൂറിനുള്ള സ്‌ക്വാഡ് സെലക്ഷനില്‍ നിര്‍ണായകമാകും. ബുംറക്കൊപ്പം ഓസ്‌ട്രേലിയന്‍ മണ്ണില്‍ അര്‍ഷ്ദീപ് ഇന്ത്യയുടെ തുറുപ്പുചീട്ടാകാന്‍ വളരെ വലിയ സാധ്യതകളുമുണ്ട്,’ ബി.സി.സി.ഐയോട് അടുത്ത വൃത്തം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും ഒരു ഇടംകയ്യന്‍ പേസറെ ടീമിന്റെ ഭാഗമാക്കുന്നതില്‍ സെലക്ടര്‍മാര്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇക്കാരണത്താലാണ് സിംബാബ്‌വേക്കെതിരെ നടന്ന പരമ്പരയുടെ ഭാഗമായ ഖലീല്‍ അഹമ്മദിനെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20, ഏകദിന സ്‌ക്വാഡുകളുടെ ഭാഗമാക്കിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി-20 ലോകകപ്പിലടക്കം ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പല വിജയങ്ങളിലും നിര്‍ണായക പങ്കാണ് അര്‍ഷ്ദീപ് സിങ് വഹിച്ചിട്ടുള്ളത്. ആഭ്യന്തര തരത്തില്‍ പഞ്ചാബിന്റെ താരമായ അര്‍ഷ്ദീപ് കൗണ്ടിയില്‍ കെന്റിന് വേണ്ടിയും പന്തെറിഞ്ഞിട്ടുണ്ട്.
16 ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് സിങ് ഇതുവരെ കളത്തിലിറങ്ങിയത്. ഒരു ഫൈഫറും ഒരു ഫോര്‍ഫറുമടക്കം 49 വിക്കറ്റാണ് ഫസ്റ്റ് ക്ലാസില്‍ താരത്തിന്റെ സമ്പാദ്യം.
അതേസമയം, നവംബര്‍ 22നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പരമ്പരകള്‍ ആരംഭിക്കുക. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.
പരമ്പരയിലെ രണ്ടാം മത്സരത്തിന് അഡെലെയ്ഡ് ഓവലും മൂന്നാം മത്സരത്തിന് ഗാബയും വേദിയാകുമ്പോള്‍ മെല്‍ബണിലാണ് നാലാം ടെസ്റ്റ് അരങ്ങേറുക. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്‌നിയാണ് വേദിയാകുന്നത്.
Content Highlight: Reports says India Planning To Include Arshdeep Singh In Border-Gavaskar Trophy