ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.
ഇപ്പോള്‍ ആദ്യ മത്സരത്തിനൊരുക്കുന്ന പിച്ചിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബ്ലാക് സോയില്‍ പിച്ചിന് പകരം പേസ് ബൗളിങ്ങിന് അനുകൂലമായ റെഡ് സോയില്‍ പിച്ചാണ് മത്സരത്തിനായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വന്തം തട്ടകത്തില്‍ ബ്ലാക് സോയില്‍ പിച്ചില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ് ബംഗ്ലാദേശ്. ഇതുകൊണ്ടുതന്നെ സന്ദര്‍ശകരെ പരീക്ഷിക്കാന്‍ പോന്നതാണ് ഈ പിച്ച് എന്ന കാര്യത്തില്‍ സംശയമില്ല.
ബ്ലാക് സോയില്‍ പിച്ചുകളെ അപേക്ഷിച്ച് കൂടുതല്‍ വേഗതയും ബൗണ്‍സുമാണ് റെഡ് സോയില്‍ പിച്ചുകള്‍ക്ക് ഓഫര്‍ ചെയ്യാനുള്ളത്. മത്സരം പുരോഗമിക്കുകയും പിച്ച് പഴകുകയും ചെയ്യും തോറും പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നതാണ് റെഡ് സോയില്‍ പിച്ച്.
അതേസമയം ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ ബ്ലാക് സോയില്‍ ട്രാക്കുകളാകട്ടെ വേഗത കുറഞ്ഞ പിച്ചുകളാണ്. കാര്യമായി ബൗണ്‍സും ഈ പിച്ചുകള്‍ക്കുണ്ടാകില്ല. ഇത്തരം പിച്ചുകളിലാണ് ബംഗ്ലാദേശ് തങ്ങളുടെ ഹോം മത്സരങ്ങളെല്ലാം കളിക്കുന്നത്.
ഹോം ടീം എന്ന നിലയില്‍ സാധ്യമായ എല്ലാ അഡ്വാന്റേജുകളും മുതലാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യക്ക് ഈ വര്‍ഷം കളിക്കാനുള്ള മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പര. ശേഷം ന്യൂസിലാന്‍ഡും ടെസ്റ്റ് അടക്കമുള്ള പരമ്പരകള്‍ക്കായി ഇന്ത്യയില്‍ പര്യടനം നടത്തും. കിവികള്‍ക്കെതിരെ നടക്കുന്ന ഹോം സീരീസിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് എവേ സീരീസിനായി ഇന്ത്യ പറക്കും.
നവംബര്‍ 22 മുതലാണ് ചരിത്ര പ്രസിദ്ധമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജനുവരി ആദ്യ വാരം വരെ നീളുന്നതാണ് ബി.ജി.ടി. അഞ്ച് മത്സരങ്ങളാണ് ഇത്തവണ പരമ്പരയിലുള്ളത്.
ഇതിനെല്ലാം മുമ്പ് പാകിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്ത് തകര്‍ത്തെത്തിയ ബംഗ്ലാദേശിനെ ഇന്ത്യക്ക് നേരിടണം.