ബാഴ്‌സലോണ സൂപ്പര്‍ താരം ഇല്‍കൈ ഗുണ്ടോഗാന്‍ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കളം മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാറ്റലൂണിയ റേഡിയോയെ ഉദ്ധരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് പേജായ സ്‌പോര്‍ട്‌സ്‌കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023 ജൂലൈയില്‍ ഫ്രീ ട്രാന്‍സ്ഫറായാണ് ഗുണ്ടോഗാന്‍ കറ്റാലന്‍ പടകുടീരത്തിലെത്തിയത്. ആദ്യ സീസണില്‍ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 51 മത്സരത്തില്‍ നിന്നും 14 തവണയാണ് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.
ഈ സമ്മറില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്പ് എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് മടങ്ങാനാണ് ജര്‍മന്‍ ഇന്റര്‍നാഷണല്‍ ശ്രമിക്കുന്നതെന്നാണ് കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിറ്റി ബോസ് പെപ് ഗ്വാര്‍ഡിയോള ഗുണ്ടോഗാനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ടര്‍ക്കിഷ് ക്ലബ്ബുകളിലേക്കും താരത്തിന് നോട്ടമുണ്ട്. എന്നിരുന്നാലും സിറ്റിസണ്‍സിനൊപ്പം നീലക്കുപ്പായത്തില്‍ തന്നെയാകും ഗുണ്ടോഗാന്‍ കളിക്കാന്‍ സാധ്യത.
സിറ്റിസണ്‍സിനൊപ്പം മികച്ച ക്യാമ്പെയ്‌നാണ് ഇല്‍കൈ ഗുണ്ടോഗാനുണ്ടായിരുന്നത്. ടീമിനായി 304 മത്സരങ്ങളിലാണ് താരം ബൂട്ടണിഞ്ഞത്. 60 തവണ ഗോളടിച്ചപ്പോള്‍ 38 തവണ ഗോളടിപ്പിക്കുകയും ചെയ്തു.
സിറ്റിക്കൊപ്പം നിരവധി കിരീടങ്ങളും താരം സ്വന്തമാക്കി. ഒരു ചാമ്പ്യന്‍സ് ട്രോഫി, അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്.എ കപ്പ്, നാല് ഇ.എഫ്.എല്‍ കിരീടങ്ങള്‍ എന്നിവ താരം നേടിയിട്ടുണ്ട്.
ഈ സമ്മറില്‍ സിറ്റിയിലേക്ക് മടങ്ങുകയാണെങ്കില്‍ ട്രോഫികളുടെ എണ്ണം കൂട്ടാനും താരത്തിന് സാധിച്ചേക്കും.
അതേസമയം, ലാ ലീഗയില്‍ ആദ്യ മത്സരം വിജയിച്ചാണ് ബാഴ്‌സ പുതിയ സീസണ് തുടക്കം കുറിച്ചിരിക്കുന്നത്. വലന്‍സിയയെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് കറ്റാലന്‍മാര്‍ തുടങ്ങിയത്.
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ടീം വിജയിച്ചുകയറിയത്.
ഓഗസ്റ്റ് 24നാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെതിരെയാണ് മത്സരം.
Content highlight: Reports says Ilkay Gundogan contacts Manchester City over a possible return this summer