ടി-20 ലോകകപ്പിന്റെ ആവേശത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. കുട്ടിക്രിക്കറ്റിന്റെ വശ്യതക്ക് പേരുകേട്ട വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ഒരുമിച്ചാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
20 ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്.
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചു.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.
ഈ ലോകകപ്പില്‍ ഐ.സി.സി പുതിയ ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച സ്റ്റോപ് ക്ലോക്ക് നിയമമാണ് ഐ.സി.സി ലോകകപ്പിലും കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.
എന്താണ് സ്റ്റോപ് ക്ലോക്ക് നിയമം
ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഒരു ഓവര്‍ പന്തെറിഞ്ഞതിന് ശേഷം കൃത്യം ഒരു മിനിട്ടിനുള്ളില്‍ അടുത്ത ഓവറിലെ ആദ്യ പന്ത് എറിഞ്ഞിരിക്കണമെന്നതാണ് ഈ നിയമം. മത്സരത്തിനിടയിലെ ഇടവേള കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കി ഒരു മിനിട്ടിനകം അടുത്ത ഓവര്‍ എറിയാന്‍ ആരംഭിച്ചില്ലെങ്കില്‍ ബൗളിങ് ടീമിന് വാണിങ് ലഭിക്കുകയും ഇത്തരത്തില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍ട്ടിയായി ലഭിക്കുകയും ചെയ്യും.
ലിമിറ്റഡ് ഓവര്‍ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്.
– ഓരോ ഓവറിനും ശേഷം ഇലക്‌ട്രോണിക് ഡിസ്‌പ്ലേയില്‍ 60 സെക്കന്‍ഡ് കൗണ്ട് ഡൗണ്‍ ആരംഭിക്കും
– കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാകും മുമ്പ് അടുത്ത ഓവറിലെ ആദ്യ പന്ത് എറിഞ്ഞിരിക്കണം.
– തേര്‍ഡ് അമ്പയറാണ് ഈ കൗണ്ട് ഡൗണ്‍ നിയന്ത്രിക്കുന്നത്.
– സമയപരിധി കഴിഞ്ഞാല്‍ ബൗളിങ് ടീമിന് ഫീല്‍ഡ് അമ്പയര്‍മാരില്‍ നിന്നും വാണിങ് ലഭിക്കും. ഒരു ഇന്നിങ്‌സില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് അധികമായി ലഭിക്കും.
– ഡി.ആര്‍.എസ് അവലോകനം, മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത തരത്തിലുള്ള കാലതാമസം എന്നിവ കാരണം ഏതെങ്കിലും തരത്തില്‍ 60 സെക്കന്‍ഡിനകം അടുത്ത ഓവര്‍ എറിയാന്‍ സാധിക്കാതെ വന്നാല്‍ തീരുമാനമെടുക്കാനുള്ള അധികാരം അമ്പയര്‍ക്കായിരിക്കും. ഈ സാഹചര്യങ്ങളില്‍ സ്റ്റോപ് ക്ലോക്ക് റൂള്‍ കര്‍ശനമാക്കിയേക്കില്ല.
ഈ നിയമത്തിന്റെ പ്രയോജനങ്ങള്‍
– ഓവറുകള്‍ക്കിടയില്‍ സമയം പാഴാകുന്നത് അവസാനിപ്പിക്കാനും മത്സര ദൈര്‍ഘ്യം കുറയ്ക്കാനും സാധിക്കും.
– വേഗതയേറിയതും ഡൈനാമിക്കുമായ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.