ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ സ്വയം പ്ലെയിങ് ഇലവനില്‍ നിന്നും മാറി നിന്നിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് ആദ്യ മത്സരത്തിലേതെന്ന പോലെ ഇന്ത്യയെ നയിക്കുന്നത്.
എന്നാല്‍ രോഹിത് ശര്‍മ സ്വയം മാറി നിന്നതല്ല, മറിച്ച് കളിച്ച മൂന്ന് ടെസ്റ്റിലെയും മോശം പ്രകടനത്തിന് പിന്നാലെ താരത്തെ ഒഴിവാക്കിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം, ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പുതിയ നായകന് കീഴിലായിരിക്കും കളത്തിലിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് മൈ ഖേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘സമ്മര്‍ദ ഘട്ടങ്ങളിലും മികച്ച രീതിയില്‍ ടീമിനെ നയിക്കാനുള്ള മിടുക്ക് ഹര്‍ദിക് പാണ്ഡ്യയ്ക്കുണ്ട്. ഒരു മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലും ഓള്‍ റൗണ്ടര്‍ എന്ന നിലയിലുമുള്ള അവന്റെ അനുഭവ സമ്പത്ത് ചാമ്പ്യന്‍സ് ട്രോഫി പോലുള്ള ഐ.സി.സി ടൂര്‍ണമെന്റുകളിലെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു,’ പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിലെ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവോ യുവതാരം ശുഭ്മന്‍ ഗില്ലോ ഇന്ത്യയെ നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു മികച്ച ലീഡറായി മാറണമെങ്കില്‍ ഗില്ലിനെ (ശുഭ്മന്‍ ഗില്‍) ഇനിയും ഏറെ തേച്ചുമിനുക്കിയെടുക്കണം. ഏകദിനത്തില്‍ സൂര്യകുമാറിന്റെ പ്രകടനങ്ങളൊന്നും തന്നെ അത്രകണ്ട് മികച്ചതുമായിരുന്നില്ല. ഒരുപക്ഷേ രോഹിത് ടീമിനൊപ്പമില്ലെങ്കില്‍ ഏറ്റവും ബാലന്‍സ്ഡായ ഓപ്ഷന്‍ ഹര്‍ദിക് തന്നെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റ് രോഹിത് ശര്‍മയുടെ അവസാന ലോങ്ങര്‍ ഫോര്‍മാറ്റ് മത്സരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പ്രായം കണക്കിലെടുത്ത് ഒരുപക്ഷേ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും, ഒരുപക്ഷേ രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ഹര്‍ദിക് തന്നെയാകും ഇന്ത്യയുടെ ക്യാപ്റ്റനെന്നും മറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഏകദിനത്തില്‍ ഇന്ത്യയെ മൂന്ന് മത്സരങ്ങളില്‍ നയിച്ച താരം (ഓസ്‌ട്രേലിയക്കെതിരെ ഒരു മത്സരവും വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരവും) രണ്ടെണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുമുണ്ട്.
Content Highlight: Reports says Hardik Pandya will replace Rohit Sharma as India’s ODI captain