| Saturday, 25th November 2023, 7:39 am

ദി ഗ്രേറ്റ് മുംബൈ ഇന്ത്യന്‍സ് സര്‍പ്രൈസ്; പഴയ വാക്കുകള്‍ ആരാധകര്‍ തിരുത്തേണ്ടി വരും

സ്പോര്‍ട്സ് ഡെസ്‌ക്

ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍ 2024ല്‍ ഹര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ കളിച്ചേക്കും. ട്രേഡിങ്ങിലൂടെയാണ് ഹര്‍ദിക് മുംബൈയിലേക്ക് മടങ്ങിയെത്തുന്നതെന്നാണ് ഇ.എസ്.പി.എന്‍ ക്രിസ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 കോടി രൂപക്കാണ് കരാര്‍.

ഈ ട്രേഡിങ് നടന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിങ്ങായി ഇത് മാറും. എന്നിരുന്നാലും ഇരുടീമുകളും ട്രേഡിങ്ങിനെ കുറിച്ച് പരസ്യമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹര്‍ദിക്കിനെ ടീമിലെത്തിക്കാനാവശ്യമായ ഓക്ഷന്‍ പേഴ്‌സ് കൈവശം വെക്കുക എന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ തലവേദന. നിലവില്‍ 0.5 കോടി രൂപയാണ് മുംബെ ഇന്ത്യന്‍സിന്റെ പക്കലുള്ളത്. ഹര്‍ദിക്കിനെ ടീമിലെത്തിക്കണമെങ്കില്‍ പല താരങ്ങളെയും മുംബൈക്ക് റിലീസ് ചെയ്യേണ്ടി വന്നേക്കും.

2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹര്‍ദിക് തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2021 വരെ മുംബൈ ഇന്ത്യന്‍സിലെ സ്ഥിരസാന്നിധ്യമായ പാണ്ഡ്യയെ 2022 മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഈ അവസരം മുതലെടുക്കുകയും താരത്തെ ടീമിന്റെ നായകനായി നിയമിക്കുകയുമായിരുന്നു.

ടൈറ്റന്‍സ് തന്റെ മേല്‍വെച്ചുപുലര്‍ത്തിയ വിശ്വാസം ഹര്‍ദിക്കും തെറ്റിച്ചില്ല. ആദ്യ സീസണില്‍ ടൈറ്റന്‍സിനെ കിരീടമണിയിച്ച പാണ്ഡ്യ രണ്ടാം സീസണില്‍ ടീമിനെ ഫൈനലിലേക്കും നയിച്ചു.

ഗുജറാത്തിലെത്തിയതിന് പിന്നാലെ താരം നടത്തിയ പല പ്രസ്താവനകളും മുംബൈ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇത് പല ആരാധകരെയും വിമര്‍ശകരാക്കുന്നതിലേക്കും കൊണ്ടുചെന്നെത്തിച്ചിരുന്നു.

ടൈറ്റന്‍സിനൊപ്പം രണ്ട് സീസണ്‍ കളിച്ച ഹര്‍ദിക് 30 ഇന്നിങ്‌സില്‍ നിന്നും 41.65 എന്ന ശരാശരിയിലും 133.49 എന്ന സ്‌ട്രൈക്ക് റേറ്റിലും 833 റണ്‍സാണ് നേടിയത്. 8.1 എന്ന എക്കോണമിയില്‍ 11 വിക്കറ്റും ടൈറ്റന്‍സിനൊപ്പം ഹര്‍ദിക് നേടിയിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ മുംബൈയിലെത്തുകയാണെങ്കില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവിയെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ഗുജറാത്ത് ഹര്‍ദിക്കിന് പകരം രോഹിത്തിനെ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹര്‍ദിക് ടീം വിടുകയാണെങ്കില്‍ ടൈറ്റന്‍സ് നായകസ്ഥാനം ആരെ ഏല്‍പിക്കുമെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. രോഹിത് ശര്‍മയെ ടീം സ്വന്തമാക്കുകയാണെങ്കില്‍ സ്വാഭാവികമായും ക്യാപ്റ്റന്‍സി ഹിറ്റ്മാന്റെ കൈകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലാത്തപക്ഷം യുവതാരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കാനാണ് സാധ്യതകളുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Reports says Hardik Pandya will move to Mumbai Indians

We use cookies to give you the best possible experience. Learn more