| Saturday, 23rd December 2023, 2:44 pm

രോഹിത്തിനെ വെട്ടി ക്യാപ്റ്റനായ ഹര്‍ദിക്കിന് ഐ.പി.എല്‍ കളിക്കാന്‍ സാധിക്കില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് 2024 ഐ.പി.എല്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ടു വലിച്ചിരിക്കുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ഹര്‍ദിക് പാണ്ഡ്യക്ക് നഷ്ടമായേക്കുമെന്നും ഐ.പി.എല്ലിന്റെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയാണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കാലിന് പരിക്കേറ്റത് മുതല്‍ ഹര്‍ദിക് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഐ.പി.എല്ലില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കുന്ന കാര്യം സംശയമാണെന്ന് പി.ടി.ഐയും വ്യക്തമാക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പി.ടി.ഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ക്രിക്കറ്റിലേക്കുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ കുറിച്ച് ഒരു അപ്‌ഡേറ്റുകളുമില്ല. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ താരലേലത്തിന് മുമ്പ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കവെയാണ് ട്രേഡിലൂടെ മുംബൈ പാണ്ഡ്യയെ വീണ്ടും ടീമിലെത്തിച്ചത്. 15 കോടി രൂപയായിരുന്നു തുക.

ഇതിന് പിന്നാലെ താരത്തിന് ക്യാപ്റ്റന്‍സിയും നല്‍കി മുംബൈ ഇന്ത്യന്‍സ് ആരാധകരെ ഞെട്ടിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നെറുകയിലെത്തിച്ച രോഹിത് ശര്‍മയെ മാറ്റിക്കൊണ്ടായിരുന്നു മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെ നായകസ്ഥാനമേല്‍പിച്ചത്.

ഇതിന് പിന്നാലെ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ട്രേഡ് വിന്‍ഡോയിലൂടെ താരം ടീം മാറാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.

അതേസമയം, ഡിസംബര്‍ 19ന് നടന്ന താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ജെറാള്‍ഡ് കോട്‌സി, സങ്കാന്‍ സൂപ്പര്‍ പേസര്‍ ദില്‍ഷന്‍ മധുശങ്ക എന്നിവര്‍ക്കൊപ്പം ആഭ്യന്തര തലത്തില്‍ കരുത്തുതെളിയിച്ച സൂപ്പര്‍ താരങ്ങളെയും മുംബൈ സ്വന്തമാക്കിയിരുന്നു.

താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷാംസ് മുലാനി, നേഹല്‍ വധേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് റൊമാരിയോ ഷെപ്പാര്‍ഡ്, (ലഖ്‌നൗവില്‍ നിന്ന് ട്രേഡിലൂടെ) ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍).

താരലേലത്തില്‍ മുംബൈ സ്വന്തമാക്കിയ താരങ്ങള്‍

ജെറാള്‍ഡ് കോട്സി (5 കോടി), ദില്‍ഷന്‍ മധുശങ്ക (4.60 കോടി), ശ്രേയസ് ഗോപാല്‍ (20 ലക്ഷം), നുവാന്‍ തുഷാര (4.80 കോടി), നമന്‍ ധിര്‍ (20 ലക്ഷം), അന്‍ഷുല്‍ കംബോജ് (20 ലക്ഷം), മുഹമ്മദ് നബി (1.5 കോടി), ശിവാലിക് ശര്‍മ (20 ലക്ഷം)

Content highlight: Reports says Hardik Pandya may miss IPL 2024

We use cookies to give you the best possible experience. Learn more