| Saturday, 20th July 2024, 4:46 pm

കാലങ്ങൾക്ക് ശേഷം സൂപ്പർതാരം ഓസ്‌ട്രേലിയൻ ടീമിലേക്ക്; കുട്ടിക്രിക്കറ്റിന്റെ രാജാവ് ഇനി ടെസ്റ്റിലും

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ട് പ്രകാരം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടുമെന്നാണ് പറയുന്നത്.

2017ലായിരുന്നു മാക്‌സ്വെല്‍ അവസാനമായി ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ കളിച്ചത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ മാക്‌സ്വെല്ലിന് അവസരം ലഭിച്ചിരുന്നുവെങ്കിലും കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ മാക്‌സ്വെല്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ താരം ഇടം നേടുകയാണെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആയി മാറ്റാന്‍ സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 14 ഇന്നിങ്‌സില്‍ 339 റണ്‍സാണ് മാക്‌സ്വെല്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയാണ് താരം ടെസ്റ്റില്‍ നേടിയിട്ടുള്ളത്.

അതേസമയം അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയ സൂപ്പര്‍ 8ല്‍ നിന്നും തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാനോടും ഇന്ത്യയോടും പരാജയപ്പെട്ടാണ് ഓസ്‌ട്രേലിയ പുറത്തായത്.

അതുകൊണ്ടുതന്നെ 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനങ്ങള്‍ നടത്താനായിരിക്കും കങ്കാരുപ്പട ലക്ഷ്യമിടുക.

Content Highlight: Reports Says Glen Maxwell is Back to Test Cricket

We use cookies to give you the best possible experience. Learn more