| Monday, 7th November 2022, 10:10 pm

നിങ്ങള്‍ക്കുമാകാം ലിവര്‍പൂളിന്റെ ഉടമ, മുടക്കേണ്ടത് ഇത്രമാത്രം; ടീമിനെ വില്‍പനക്ക് വെച്ച് ഉടമസ്ഥര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗ് കണ്ട എക്കാലത്തേയും മികച്ച ടീമുകളിലൊന്നായ ലിവര്‍പൂളിനെ ഉടമസ്ഥര്‍ വില്‍പനക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ദി അത്‌ലറ്റിക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്‌ലറ്റിക്കിനെ ഉദ്ദരിച്ച് ലിവര്‍പൂള്‍ എക്കോയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ആണ് നിലവില്‍ ലിവര്‍പൂളിന്റെ ഉടമകള്‍. ഇവരാണ് ഇപ്പോള്‍ ടീമിനെ വില്‍ക്കാനൊരുങ്ങുന്നത്. ടീമിനെ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി പൂര്‍ണമായ സെയില്‍സ് പ്രസെന്റേഷനും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

നേരത്തെയും ടീമിന് വില്‍ക്കാന്‍ എഫ്.എസ്.ജി ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. നിലവില്‍ എഫ്.എസ്.ജി മുന്നോട്ട് വെക്കുന്ന ഡീല്‍ നടക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും എഫ്.എസ്.ജി മുന്നോട്ടുപോകാന്‍ തന്നെയാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2010ലാണ് എഫ്.എസ്.ജി ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത്. ക്ലബ്ബിന്റെ മോശം സമയത്ത് കൈത്താങ്ങായെത്തിയ എഫ്.എസ്.ജി പ്രീമിയര്‍ ലീഗിലെ മികച്ച ടീമുകളിലൊന്നാക്കിയാണ് ഇപ്പോള്‍ വില്‍ക്കാനുള്ള തീരുമാനത്തിലെത്തിയത്.

സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചതു മുതല്‍ ജര്‍മന്‍ സൂപ്പര്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പിനെ ടീമിലെത്തിച്ചതുവരെ ഇവരുടെ കാലത്താണ്.

നിരവധി കിരീടങ്ങളാണ് ലിവര്‍പൂള്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ കാലഘട്ടത്തില്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, വുമണ്‍സ് സൂപ്പര്‍ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങി എണ്ണമറ്റ കിരീടങ്ങള്‍ ഇക്കാലയളവില്‍ റെഡ്‌സ് സ്വന്തമാക്കിയിരുന്നു.

അതേസമയം, വമ്പന്‍ തുകയാണ് ലിവര്‍പൂളിനായി ഇവര്‍ ആവശ്യപ്പെടുന്നത്. 2010ല്‍ 300 മില്യണ്‍ പൗണ്ടിനായിരുന്നു എഫ്.എസ്.ജി ക്ലബ്ബിനെ വാങ്ങിയത്. എന്നാലിപ്പോള്‍ 12 ഇര
ട്ടിയോളം ഉയര്‍ന്ന് 3.6 ബില്യണ്‍ പൗണ്ട് അതായത് ഏകദേശം മുപ്പത്തിമൂവായിരം കോടി ഇന്ത്യന്‍ രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം റയല്‍ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള ക്ലബ്ബാണ് ലിവര്‍പൂള്‍.

കഴിഞ്ഞ സീസണില്‍ റോമന്‍ അബ്രാമോവിച്ച് ചെല്‍സിയെ വിറ്റതിന് ശേഷം പ്രീമിയര്‍ ലീഗിലെ പ്രധാന ‘വില്‍പന കരാറിനെ’ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രാഷ്ട്രീയപരമായ കാരണങ്ങള്‍ക്ക് പിന്നാലെയാണ് അബ്രാമോവിച്ച് ചെല്‍സിയെ വിറ്റതെങ്കില്‍ ലിവര്‍പൂളിനെ വില്‍ക്കാനുള്ള എഫ്.എസ്.ജിയുടെ ചേതോവികാരം വ്യക്തമല്ല.

നിലവില്‍ മോശം ഫോമിലാണ് ലിവര്‍പൂള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് ദി റെഡ്‌സ്. 13 മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് വീതം തോല്‍വിയും സമനിലയുമായി 19 പോയിന്റോടെ എട്ടാമതാണ് ലിവര്‍പൂള്‍.

ചാമ്പ്യന്‍സ് ലീഗിലും കളിക്കുന്ന ലിവര്‍പൂള്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നു. റയല്‍ മാഡ്രിഡിനെയാണ് ലിവര്‍പൂളിന് റൗണ്ട് ഓഫ് 16ല്‍ നേരിടാനുള്ളത്.

Content highlight: Reports says FSG puts Liverpool up for sale

We use cookies to give you the best possible experience. Learn more