മുന്‍ പാക് നായകന്‍ ഷോയ്ബ് മാലിക്കിനെ ടീമില്‍ നിന്നും പുറത്താക്കി ബംഗ്ലാദേശ് പ്രീയമര്‍ ലീഗ് ടീം ഫോര്‍ച്യൂണ്‍ ബാരിഷല്‍. ബി.പി.എല്ലില്‍ ജനുവരി 22ന് നടന്ന കുല്‍ന ടൈഗേഴ്‌സ് – ഫോര്‍ച്യൂണ്‍ ബാരിഷല്‍ മത്സരത്തില്‍ ഒത്തുകളി അരോപണമുന്നയിച്ചാണ് ഫോര്‍ച്യൂണ്‍ മാലിക്കിനെ പുറത്താക്കിയിരിക്കുന്നത്.
മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ് 18 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ ഓവറില്‍ മൂന്ന് നോ ബോള്‍ എറിഞ്ഞാണ് താരം തലക്കെട്ടുകളില്‍ ഇടം നേടിയത്. ഓവര്‍ സ്‌റ്റെപ്പിങ്ങിലൂടെയാണ് ഈ മൂന്ന് നോ ബോളും പിറന്നത്.
ഇതിന് പിന്നാലെ താരം ഏറെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കി റെക്കോഡിട്ടതിന് തൊട്ടുപിന്നാലെയാണ് താരം ഒരു ഓവറില്‍ മൂന്ന് നോ ബോള്‍ എറിഞ്ഞ് കുപ്രസിദ്ധനായത്.
ഇതിന് പിന്നാലെ ഫോര്‍ച്യൂണ്‍ ബാരിഷല്‍ താരത്തിന്റെ കരാര്‍ റദ്ദാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒത്തുകളിയാരോപിച്ചാണ് ടീം ഉടമ മാലിക്കിന്റെ കരാര്‍ റദ്ദാക്കിയിരിക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൈഗേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാരിഷല്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.
ബാരിഷല്‍ ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹിം 39 പന്തില്‍ 68 റണ്‍സും നായകന്‍ തമിം ഇക്ബാല്‍ 33 പന്തില്‍ 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.