Sports News
മുന്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരം റൊണാള്‍ഡോക്കൊപ്പം അല്‍ നസറില്‍ ചേരാന്‍ ശ്രമിക്കുന്നു: റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 21, 03:46 pm
Tuesday, 21st February 2023, 9:16 pm

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കറും ഐവറികോസ്റ്റ് ഇന്റര്‍നാഷണലുമായ വില്‍ഫ്രെഡ് സാഹ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം അല്‍ നസറിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈവനിങ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ക്രിസ്റ്റല്‍ പാലസിന്റെ താരമായ സാഹയുടെ കരാര്‍ ആറ് മാസത്തിനകം അവസാനിക്കും. ഈ സീസണോടെ താരം സൗത്ത് ലണ്ടനോട് വിട പറഞ്ഞേക്കുമെന്നും സീരി എ ജയന്റുകളായ എ.സി മിലാന്‍ സാഹയെ നോട്ടമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റിയാനോയുടെ പാത പിന്തുടര്‍ന്ന് സൗദി ലീഗിലേക്ക് ചേക്കേറാനാണ് സാഹ ഒരുങ്ങുന്നതെന്നാണ് ഈവനിങ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ അല്‍ നസറിന് പുറമെ ടീമിന്റെ ചിരവൈരികളായ അല്‍ ഹിലാലും സൗദി പ്രോ ലീഗിലെ സൂപ്പര്‍ ടീമായ അല്‍ ഇതിഹാദും താരത്തിന് പിന്നാലെയുണ്ടെന്നും വിവിധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ച സൗദി പ്രോ ലീഗ് കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ ലീഗിലെത്താക്കാന്‍ ശ്രമിക്കുകയാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരുകാരനാണ് വില്‍ഫ്രെഡ് സാഹ.

ഈ സീസണോടെ ക്രിസ്റ്റല്‍ പാലസിലെ താരത്തിന്റെ കരാര്‍ അവസാനിക്കും. സാഹ ടീമില്‍ തുടരാന്‍ ക്ലബ്ബ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ടീം വെച്ചുനീട്ടിയ ഓഫറുകളെല്ലാം താരം നിരസിക്കുയായിരുന്നു.

അല്‍ ഹിലാലും അല്‍ ഇത്തിഹാദും വില്‍ഫ്രെഡിന് പിന്നാലെയുണ്ടെങ്കിലും മിര്‍സൂല്‍ പാര്‍ക്കില്‍ റൊണാള്‍ഡോക്കാപ്പം കളിക്കാനാകും സാഹ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2013 – 2015 കാലഘട്ടത്തിലായിരുന്നു താരം ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിച്ചിരുന്നത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ക്രിസ്റ്റല്‍ പാലസിലെ മോസ്റ്റ് സക്‌സസ്ഫുള്‍ താരങ്ങളിലൊരാളായിരുന്നു സാഹ. ടിമിനായി 450 തവണയാണ് താരം ബൂട്ടുകെട്ടിയത്.

 

Content highlight: Reports says former Manchester United attacker Wilfred Zaha may join Al Nassr