ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടികള്‍ അവസാനിക്കുന്നില്ല; നിര്‍ണായക മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ക്യാമ്പ് മൂകം
icc world cup
ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടികള്‍ അവസാനിക്കുന്നില്ല; നിര്‍ണായക മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ ക്യാമ്പ് മൂകം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th October 2023, 11:58 pm

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. വെള്ളിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ഇന്ത്യക്കെതിരായ തോല്‍വിയില്‍ കനത്ത വിമര്‍ശനങ്ങളായിരുന്നു ടീം ഏറ്റുവാങ്ങിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പോലും ആവശ്യമുയര്‍ന്നിരുന്നു.

നിലവില്‍ മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. കളിച്ച മൂന്ന് കളികളില്‍ രണ്ട് തോല്‍വിയും ഒരു ജയവുമായി ഏഴാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. നിര്‍ണായകമായ മത്സരത്തില്‍ ഇരുവരും വിജയപ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.

 

 

എന്നാല്‍ മത്സരത്തിനു മുമ്പ് തന്നെ പാകിസ്ഥാന്‍ ടീമിന് തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഓപ്പണര്‍ ഫഖര്‍ സമാനും ആഘ സല്‍മാനും കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫഖറിന് കാല്‍മുട്ടിനുപറ്റിയ പരിക്ക് ഭേദപ്പെട്ട് വരികയാണ്. താരം പൂര്‍ണ ആരോഗ്യം വീണ്ടടുക്കുന്നതിനിടെയാണ് ആഘ സല്‍മാന്‍ പനി ബാധിച്ച് വിശ്രമത്തിലാകുന്നത്.

 

ഇപ്പോഴും ചികിത്സയിലിരിക്കുന്ന ഫഖര്‍ സമാന്‍ അടുത്ത ആഴ്ച സെലക്ഷനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് മീഡിയ മാനേജര്‍ വ്യാഴാഴ്ച പറഞ്ഞു.

 

‘കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷമാണ് സല്‍മാന് പനി പിടിപെട്ടത്. അതില്‍ നിന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. ടീമിലെ മറ്റ് കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.’ പാക് മീഡിയ മാനേജര്‍ പറഞ്ഞു.

ഹൈദരാബാദില്‍ നെതര്‍ലന്‍ഡ്സിനെതിരെ മാത്രമായിരുന്നു പാക് ഓപ്പണറായ ഫഖര്‍ സമാന്‍ കളിച്ചത്. 15 പന്തില്‍ 12 റണ്‍സായിരുന്നു താരം നേടിയത്.

എന്നാല്‍ സമാന് പകരമായി ഇറങ്ങിയ അബ്ദുള്ള ഷഫീഖ് ശ്രീലങ്കക്കെതിരെ 103 പന്തില്‍ 113 റണ്‍സും ഇന്ത്യക്കെതിരെ 20 റണ്‍സും നേടിയിരുന്നു.

 

 

Content highlight: Reports says Fakhar Zaman and Agha Salman wont be playing against Australia