ബ്രസീലിയന്‍ യുവതാരം എസ്റ്റേവോ വില്ലിയനിനെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ മുന്നോട്ടു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ കളി ശൈലിയുമായി ഏറെ താരതമ്യം ഉള്ളതിനാല്‍ ബ്രസീലിയന്‍ താരത്തെ ലിറ്റില്‍ മെസി എന്നും ആരാധകര്‍ വിശേഷിപ്പിക്കാറുണ്ട്.
സ്പോര്‍ട്‌ബൈബിള്‍ അനുസരിച്ച് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്ക്, പാരീസ് സെയ്ന്റ് ജെര്‍മെന്‍ എന്നീ പ്രമുഖ ടീമുകളും ബ്രസീലിയന്‍ താരത്തിന് പിന്നാലെ ഉണ്ടെന്നാണ് പറയുന്നത്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ താരമാണ് എസ്റ്റാവിയോ വില്ലിയൻ. ബ്രസീലിയൻ ക്ലബ്ബിനായി ഒരു മത്സരം മാത്രമാണ് ഈ 16കാരൻ ബൂട്ട് കെട്ടിയിട്ടുള്ളത്.
എന്നാല്‍ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സ്പെയിനില്‍ കളിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ബാഴ്സലോണയാണ് തന്റെ ഡ്രീം ടീം എന്നും വില്ലിയന്‍ പറഞ്ഞിരുന്നു.
‘ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ ബാഴ്‌സലോണയില്‍ കളിക്കുക എന്നതാണ് എന്റെ സ്വപ്നം. മെസിയും നെയ്മറും സുവാരസും ബാഴ്‌സയില്‍ കളിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ അതാണ് എന്റെ സ്വപ്നവും.
ഞാന്‍ ബാഴ്‌സലോണയുടെ എല്ലാ മത്സരങ്ങളും കാണാറുണ്ട്. എനിക്ക് ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ്ബാണ് ബാഴ്‌സലോണ. അവിടെ കളിക്കുന്ന താരങ്ങളോട് എനിക്ക് വലിയ ആരാധനയാണുള്ളത്. ഭാവിയില്‍ ഞാനും ബാഴ്‌സലോണയില്‍ കളിക്കും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു സ്വപ്ന സാക്ഷാത്കാരമായിരിക്കും,’ വില്ലിയന്‍ മുണ്ടോ ഡിപോര്‍ട്ടീവയോട് പറഞ്ഞു.
അതേസമയം ലാ ലിഗയില്‍ 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും അടക്കം 41 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കറ്റാലന്‍മാര്‍.
Content Highlight: Reports says Estevao Willian come barca this summer.