ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ മറ്റൊരു മത്സരം കൂടി മാറ്റിവെക്കാന്‍ സാധ്യത. നവംബര്‍ 12ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇംഗ്ലണ്ട് – പാകിസ്ഥാന്‍ മത്സരമാണ് ത്രിശങ്കുവിലായിരിക്കുന്നത്.
അന്നേ ദിവസം ദുര്‍ഗ പൂജ നടക്കുന്നതിനാല്‍ മതിയായ സുരക്ഷാ സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്നും മത്സരത്തിന്റെ തീയതി മാറ്റണമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയെ അറിയിച്ചു.
ദുര്‍ഗാ പൂജക്കിടെ നഗരത്തില്‍ സുരക്ഷയൊരുക്കല്‍ ശ്രമകരവും വെല്ലുവിളിയുമാണെന്ന കൊല്‍ക്കത്ത പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മത്സരം റീ ഷെഡ്യൂള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 11നാണ് പകരം മത്സരം നടത്താനുള്ള തീയതിയായി അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കൊല്‍ക്കത്ത സിറ്റി പൊലീസുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ സുരക്ഷാ പ്രശ്‌നം ഉയര്‍ന്നുവെന്നാണ് പ്രമുഖ കായികമധ്യമമായ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ കാരണങ്ങള്‍ ചര്‍ച്ചയായതായി ക്രിക്ട്രാക്കറും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ടി-20 ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ വീണ്ടും മറ്റൊരു ലോകകപ്പില്‍ ഏറ്റുമുട്ടുന്നതിനാലും, അതിലെ ഒരു ടീം പാകിസ്ഥാന്‍ ആയതിനാലും നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തില്‍ തിരക്ക് ഉണ്ടാകുമെന്നുറപ്പാണെന്നും ഇക്കാരണത്താല്‍ മത്സരത്തിന്റെ തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ ബി.സി.സി.ഐക്ക് കത്തെഴുതുകയായിരുന്നു.
ധാരാളം ആളുകളെത്തുന്ന മത്സരമായതിനാല്‍ തന്നെ ടിക്കറ്റില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്താനും അസോസിയേഷന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാരണത്താലാണ് വേദി മാറ്റാന്‍ ആവശ്യപ്പെടാതെ മത്സരത്തിന്റെ തീയതി മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
1996ലെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം 2011 ലോകകപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അഞ്ച് മത്സരങ്ങളാണ് ദാദയുടെ തട്ടകത്തില്‍ ഷെഡ്യൂള്‍ ചെയിതിരിക്കുന്നത്.
ഇംഗ്ലണ്ട്- പാകിസ്ഥാന്‍ പോരാട്ടത്തിന് പുറമെ ബംഗ്ലാദേശ്- നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്- പാകിസ്ഥാന്‍, ഇന്ത്യ- ദക്ഷിണാഫ്രിക്ക, എന്നീ മത്സരങ്ങളും ലോകകപ്പിലെ രണ്ടാം സെമിയും ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.
ഈ റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന്റെ സംഘാടനത്തെ കുറിച്ചും വിമര്‍ശനമുയരുന്നുണ്ട്.
നേരത്തെ, പാകിസ്ഥാന്റെ മറ്റൊരു മത്സരവും റീ ഷെഡ്യൂള്‍ ചെയ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ 15ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുന്ന കാര്യം അപെക്‌സ് ബോര്‍ഡിന്റെയും ഐ.സി.സിയുടെയും പരിഗണനയിലാണ്.
നവരാത്രി ആഘോഷങ്ങള്‍ക്ക് അന്നേ ദിവസമാണ് തുടക്കം കുറിക്കുന്നത് എന്നതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മത്സരത്തിന്റെ തീയതി മാറ്റാന്‍ ആവശ്യപ്പെടുന്നത്.
അന്നേ ദിവസം അഹമ്മദാബാദില്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ഇതോടെ ഒരു ദിവസം മുമ്പ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇനിയും വന്നിട്ടില്ല.
Content Highlight: Reports says England-Pakistan match at Eden Gardens may be postponed