| Thursday, 10th August 2023, 6:43 pm

മയാമിയില്‍ മെസിക്കൊപ്പം കളിക്കാമെന്ന ഓഫര്‍ നിരസിച്ച ഈഡന്‍ ഹസാര്‍ഡ് വീണ്ടും എം.എല്‍.എസിലേക്ക്? ടീം ഏത്?

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ബെല്‍ജിയന്‍ ഇന്റര്‍നാഷണലുമായ ഈഡന്‍ ഹസാര്‍ഡ് മേജര്‍ ലീഗ് സോക്കറിലേക്ക് തട്ടകം മാറ്റിയേക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡുമായി കാര്യങ്ങള്‍ ഒത്തുപോകാത്തതിന് പിന്നാലെയാണ് താരം ചുവടുമാറ്റാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഫ്രീ ഏജന്റായ താരം ഏത് ടീമിലേക്ക് ചേക്കേറുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സൗദി പ്രോ ലീഗിനും ബ്രസീലിയന്‍ ലീഗിനും പുറമെ മേജര്‍ ലീഗ് സോക്കറും താരത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമി വെച്ചുനീട്ടിയ ഓഫര്‍ ഹസാര്‍ഡ് നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ കളിക്കാന്‍ മയാമി തന്നെ ബന്ധപ്പെട്ടിരുന്നതായി ഹസാര്‍ഡ് ബെല്‍ജിയന്‍ പത്രങ്ങളോട് പറഞ്ഞിരുന്നു.

വിരമിക്കുന്നതിനെ കുറിച്ചൊന്നും നിലവില്‍ ചിന്തിക്കാത്ത ഹസാര്‍ഡ് ഇനിയും കളിക്കളത്തില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രമുഖ സ്പാനിഷ് പത്രമായ ഡിയാരിയോ എ.എസ്. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മികച്ച കോംപറ്റീറ്റീവ് ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് താരം മെസിക്കൊപ്പം ഒരേ ടീമില്‍ കളിക്കാന്‍ വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഹസാര്‍ഡ് ഇനി എവിടെ കളിക്കുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. നിലവില്‍ യൂറോപ്യന്‍ ക്ലബ്ബുകളൊന്നും ഹസാര്‍ഡിനെ പരിഗണിച്ചിട്ടില്ല. അതിനാല്‍ തന്നെ താരം സൗദി അറേബ്യയിലേക്കോ സൗത്ത് അമേരിക്കയിലേക്കോ യു.എസ്.എയിലേക്കോ ചുവടുമാറ്റം നടത്തിയേക്കും.

എം.എല്‍.എസിലേക്കാണ് താരം ചേക്കാറാന്‍ ഒരുങ്ങുന്നതെങ്കില്‍ സെപ്റ്റംബര്‍ രണ്ടിനകം സൈനിങ് പൂര്‍ത്തിയാക്കണം.

എം.എല്‍.എസിലെ വെസ്‌റ്റേണ്‍ കോണ്‍ഫെറന്‍സ് ടീമായ വാന്‍കൂവെര്‍ വൈറ്റ്ക്യാപ്‌സ് ഹസാര്‍ഡിനെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ചെല്‍സിയില്‍ നിന്നും 2019ലാണ് ഹസാര്‍ഡ് സാന്റിയാഗോ ബെര്‍ണാബ്യൂവിലേക്കെത്തുന്നത്. 115 മില്യണ്‍ യൂറോക്കാണ് താരം സ്പാനിഷ് വമ്പന്‍മാരുടെ ഔട്ട്ഫിറ്റിലെത്തിയത്.

പരിക്കായിരുന്നു റയലില്‍ ഹസാര്‍ഡിന് മുമ്പില്‍ വില്ലന്റെ രൂപത്തിലെത്തിയത്. 76 മത്സരങ്ങളില്‍ ഹസാര്‍ഡ് റയല്‍ കളത്തിലിറങ്ങിയപ്പോള്‍ 78 മത്സരങ്ങളാണ് പരിക്ക് മൂലം ഹസാര്‍ഡിന് നഷ്ടമായത്. കളിച്ച 76 മത്സരത്തില്‍ നിന്നും ഏഴ് ഗോളും 12 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.

Content highlight: Reports says Eden Hazard may join MLS

We use cookies to give you the best possible experience. Learn more