റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ദിനേഷ് കാര്‍ത്തിക് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഐ.പി.എല്ലിന്റെ ഈ സീസണോടെ താരം പാഡഴിക്കുമെന്ന് ബി.ബി.സിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 38കാരനായ ദിനേഷ് കാര്‍ത്തിക്കിന് ഈ വര്‍ഷം കൂടി പ്ലേ ബോള്‍ഡ് ടീമിനൊപ്പം കരാറുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ പടിയിറക്കത്തെ കുറിച്ച് ഐപിഎല്ലിന് ശേഷം താരം വ്യക്തമാക്കുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.പി.എല്ലില്‍ ആറ് ടീമുകള്‍ക്കായി വെറ്ററന്‍ സൂപ്പര്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ദല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയാണ് കാര്‍ത്തിക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം മുംബൈക്കും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വേണ്ടി താരം കളത്തിലിറങ്ങി.
2015ലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബോംഗളൂരുവുമായി കാര്‍ത്തിക് ആദ്യം കൈകോര്‍ക്കുന്നത്. അന്ന് 10.5 കോടി രൂപയ്ക്കാണ് ബെംഗളൂരു ഫ്രാഞ്ചൈസി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടീമിലെത്തിച്ചത്.
രണ്ട് സീസണിന് ശേഷം ഗുജറാത്ത് ലയണ്‍സിലേക്ക് ചേക്കേറിയ കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചുവടുമാറ്റി. 2018ല്‍ നൈറ്റ് റൈഡേഴ്‌സിനൊപ്പം കോര്‍ബോ ലോര്‍ബോ പാടിയ കാര്‍ത്തിക് സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
2022ലാണ് കാര്‍ത്തിക് വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിന്റെ ഭാഗമാകുന്നത്. സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കാര്‍ത്തിക്കിനെ ഇന്ത്യന്‍ ടീം ഒരിക്കല്‍ക്കൂടി തിരികെ വിളിക്കുകയും 2022 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.
എന്നാല്‍ മോശം പ്രകടനത്തിന് പിന്നാലെ താരത്തിന് ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ സാധിക്കാതെ പോയി.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. 13 മത്സരത്തില്‍ നിന്നും 11.67 ശരാശരിയില്‍ 140 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.
Content highlight: Reports says Dinesh Karthik will retire after IPL 2024