| Wednesday, 28th August 2024, 7:55 am

രോഹിത്തിനെ സ്വന്തമാക്കാന്‍ 50 കോടി മാറ്റിവെച്ച് രണ്ട് ടീമുകള്‍; ലേലത്തിലിറങ്ങിയാല്‍ മാത്രം മതി, നടക്കുന്നത് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025നായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബിഗ് ഇവന്റിന് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ തന്നെ ആരാധകര്‍ ആവേശത്തിന്റെ പരകോടിയിലാണ്.

ഓരോ ടീമിനും നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണയെന്ന പോലെ ഓരോ ടീമിനും നാല് താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുകയെങ്കില്‍ അത് ആരെല്ലാമായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുകയാണ്.

ഐ.പി.എല്ലിലെ ഏറ്റവും സക്സസ്ഫുള്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നാല് താരങ്ങളെ വരെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കും.

ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാറിനെ ടീം ഉറപ്പായും നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രോഹിത്തും ബുംറയും വാംഖഡെയില്‍ തന്നെ തുടര്‍ന്നേക്കും. നാലാമന്‍ ആര് എന്ന ചോദ്യമാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

എന്നാല്‍ രോഹിത് ശര്‍മ ടീം വിടാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പാളയത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടത്.

രോഹിത് ശര്‍മ മെഗാ ലേലത്തിന്റെ ഭാഗമാവുകയാണെങ്കില്‍ ഐ.പി.എല്ലിന്റെ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ ഉറച്ച് രണ്ട് ടീമുകള്‍ സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിനായി 50 കോടി രൂപ വരെ മുടക്കാന്‍ ഇവര്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

സൂപ്പര്‍ ടീമുകളായ ദല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് കോടികള്‍ കീശയില്‍ മാറ്റിവെച്ച് രോഹിത്തിനെ കാത്തിരിക്കുന്നതെന്നാണ് റേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു ടീമുകളും രോഹിത്തിനായി 50 കോടി മുടക്കാന്‍ തയ്യാറായേക്കും.

അങ്ങനെ സംഭവിച്ചാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ലേലത്തുകയെന്ന റെക്കോഡും മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്റെ പേരില്‍ കുറിക്കപ്പെടും. കഴിഞ്ഞ സീസണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയ 24.75 കോടിയാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ റെക്കോഡ് ലേലത്തുക. എന്നാലിപ്പോള്‍ അതിന്റെ ഇരട്ടിയിലധികമാണ് രോഹിത്തിനായി ദല്‍ഹി, ലഖ്‌നൗ ടീമുകള്‍ മാറ്റിവെച്ചിരിക്കുന്നത്.

ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് മറ്റ് രണ്ട് ടീമുകള്‍. 2020ല്‍ ഫൈനല്‍ കളിച്ചതാണ് മികച്ച നേട്ടം. അന്ന് ടീമിനെ പരാജയപ്പെടുത്തിയതാകട്ടെ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും.

2022ലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. മൂന്ന് തവണ ഐ.പി.എല്‍ കളിച്ചെങ്കിലും കപ്പുയര്‍ത്താന്‍ ടീമിനായില്ല. നിലവിലെ നായകന്‍ കെ.എല്‍. രാഹുലും ടീം ഉടമ ഗോയങ്കെയുമായുള്ള പിണക്കങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ടീം വിട്ടേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ക്യാപ്റ്റന്‍സി മെറ്റീരിയലായി തന്നെയാകും സൂപ്പര്‍ ജയന്റ്‌സ് രോഹിത്തിനെ ലക്ഷ്യമിടുക. ദല്‍ഹിക്കും ഇതേ പദ്ധതി തന്നെയാകും ഉണ്ടാവുക.

ഐ.പി.എല്ലില്‍ ഏറ്റവുമധികം കീരീടം നേടിയ താരം കൂടിയാണ് രോഹിത്. അഞ്ച് തവണ ക്യാപ്റ്റനായും ഒരിക്കല്‍ വൈസ് ക്യാപ്റ്റനായും രോഹിത് ഐ.പി.എല്ലിന്റെ കിരീടം ശിരസിലണിഞ്ഞിട്ടുണ്ട്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് രോഹിത് ആദ്യ കിരീടം സ്വന്തമാക്കിയത്. ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകനായി അഞ്ച് തവണയും ഐ.പി.എല്ലിന്റെ കിരടമണിഞ്ഞു. ഇതിന് പുറമെ ചാമ്പ്യന്‍സ് ലീഗും രോഹിത് മുംബൈയിലെത്തിച്ചു.

രോഹിത്തിനെ നായകനാക്കി തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാകും ക്യാപ്പിറ്റല്‍സിനും സൂപ്പര്‍ ജയന്റ്‌സിനുമുണ്ടാവുക.

Content highlight: Reports says Delhi Capitals and Lucknow Super Giants ready to spent 50 crore for acquiring Rohit Sharma in mega auction

We use cookies to give you the best possible experience. Learn more