ഗുജറാത്തിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്, ഗില്ലും കൂട്ടരും സമ്മർദത്തിൽ
Cricket
ഗുജറാത്തിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്, ഗില്ലും കൂട്ടരും സമ്മർദത്തിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 3:55 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന് തോൽവി.. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റുള്‍ക്കാണ് പഞ്ചാബ് കീഴടക്കിയത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗുജറാത്തിന്റെ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം നടന്ന പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ഡേവിഡ് മില്ലര്‍ കളിച്ചിരുന്നില്ല. മില്ലറിന് പകരക്കാരനായാണ് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഗുജറാത്ത് ടീമില്‍ ഇടം നേടിയത്.

പഞ്ചാബ് കിംഗ്‌സിനെതിരായുള്ള മത്സരത്തിന്റെ ഇന്നിങ്‌സ് ഇടവേളയില്‍ ഡേവിഡ് മില്ലര്‍ കളിക്കാത്തതിനെക്കുറിച്ചും കിവീസ് താരം പറഞ്ഞിരുന്നു. ‘ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ഡേവിഡ് മില്ലറിനെ ഞങ്ങള്‍ക്ക് നഷ്ടമാകും,’ വില്യംസണ്‍ പറഞ്ഞു.

അതേസമയം പഞ്ചാബിന് വേണ്ടി ബാറ്റിങ്ങില്‍ ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം നടത്തിയത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സും അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഗുജറാത്തിന് വേണ്ടി 48 പന്തില്‍ നാല് സിക്‌സറും ആറ് ഫോറും അടക്കം 89 റണ്‍സാണ് അടിച്ചെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് കരുത്തുകാട്ടിയത്.
155.42 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. സായ് സുദര്‍ശന്‍ 19 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും രണ്ടു തോല്‍വിയുമായി നാലു പോയിന്റോടെ ആറാം സ്ഥാനത്താണ് ഗുജറാത്ത്. ഏപ്രില്‍ ഏഴിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ലഖ്‌നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയമാണ് വേദി.

Content Highlight: Reports says Davids Miller miss upcoming matches of Gujarth Titans in IPL