| Friday, 5th August 2022, 6:26 pm

ഇലയിട്ട് ഉണ്ണാന്‍ വിളിച്ച ശേഷം ചോറില്ല; വീണ്ടും മറുകണ്ടം ചാടി വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യു.എ.ഇ ടി-20 പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തീരുമാനം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. യു.എ.ഇ ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാതെ താരം ബിഗ് ബാഷ് ലീഗില്‍ തന്നെ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി നടന്ന ചര്‍ച്ചകള്‍ക്കും ‘വിലപേശലുകള്‍ക്കും’ ശേഷമാണ് വാര്‍ണര്‍ ബി.ബി.എല്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചത്. 2013ന് ശേഷം ആദ്യമായിട്ടാണ് താരം ബി.ബി.എല്‍ കളിക്കുന്നത് എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്.

നേരത്തെ, യു.എ.ഇ ലീഗില്‍ കളിക്കുന്നതിനായി താരം ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉടമസ്ഥതയിലുള്ള ടീമിന് വേണ്ടി കളിക്കാനായിരുന്നു വാര്‍ണറിന്റെ തീരുമാനം.

വാര്‍ണര്‍ ബി.ബി.എല്‍ ഉപേക്ഷിച്ച് യു.എ.ഇ ടി-20 കളിക്കാന്‍ പോകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഡേവിഡ് വാര്‍ണര്‍ എത്തുന്നതോടെ ടൂര്‍ണമെന്റിനെ കുറിച്ചുള്ള പ്രതീക്ഷകളും വളരെ വലുതായിരുന്നു.

ബി.ബി.എല്ലില്‍ താരം സിഡ്‌നി തണ്ടറിനൊപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ണര്‍ കൂടിയെത്തുന്നതോടെയ സിഡ്‌നി ഡാര്‍ബി (സിഡ്‌നി സിക്‌സേഴ്‌സ് vs സിഡ്‌നി തണ്ടര്‍) ആവേശമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ താരം എത്താതിരിക്കുന്നതോടെ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്. ബി.ബി.എല്ലും യു.എ.ഇ പ്രീമിയര്‍ ലീഗിന്റെയും ഷെഡ്യൂളുകള്‍ ക്ലാഷാവാന്‍ സാധ്യതയുള്ളതിനാല്‍ മികച്ച താരങ്ങളെ ടൂര്‍ണമെന്റിലേക്കെത്തിച്ച് സ്‌പോട്ട് ലൈറ്റ് നേടാനുള്ള യു.എ.ഇയുടെ ശ്രമത്തിനാണ് ഇപ്പോള്‍ അടിയേറ്റിരിക്കുന്നത്.

ബി.ബി.എല്ലില്‍ കളിക്കുന്നതിന് പകരം തങ്ങളുടെ ലീഗില്‍ കളിക്കുന്നതിനായി വമ്പന്‍ ഓഫറായിരുന്നു യു.എ.ഇ പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് മുമ്പില്‍ വെച്ചിരുന്നത്. 15 താരങ്ങള്‍ക്ക് പ്രതിവര്‍ഷം 4 കോടി വരെയായിരുന്നു ഇവരുടെ ഓഫര്‍. ഇതിനോട് പോസിറ്റീവായി പ്രതികരിച്ചത് വാര്‍ണര്‍ മാത്രമായിരുന്നു.

എന്നാല്‍ വാര്‍ണര്‍ കൂടി സ്ഥലം വിട്ടതോടെ മറ്റ് ഓസീസ് താരങ്ങളെ ചാക്കിട്ട് പിടിക്കാന്‍ സാധിക്കുമോ എന്നാണ് യു.എഇ ഇനി ശ്രമിക്കുക. ക്രിക്കറ്റ് ബോര്‍ഡുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത താരങ്ങളാവും ഇനി ഇവരുടെ പുതിയ ലക്ഷ്യം.

Content Highlight: Reports says David Warner will play BBL instead of UAE T20 League

We use cookies to give you the best possible experience. Learn more