| Tuesday, 14th November 2023, 8:57 am

റൊണാള്‍ഡോ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കളിത്തട്ടിലേക്ക് തിരിച്ചെത്തുന്നു? റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചു വരുന്നു. സൗദി ക്ലബ്ബ് അല്‍ നസറിന് 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ക്ഷണം ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ലീഗ് ആരംഭിച്ചത് മുതല്‍ യുവേഫയുടെ ക്ലബ്ബുകള്‍ക്ക് മാത്രമേ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനാവൂ. എന്നാല്‍ ഇപ്പോള്‍ യൂറോപ്പില്‍ അല്‍ നസറിനുള്ള ജനപ്രീതി കണക്കിലെടുത്താണ് സൗദി ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അനുമതി നല്‍കുന്നതെന്നാണ് അല്‍ഹര്‍ബി റിപ്പോര്‍ട്ട് ചെയ്തത്.

‘ഫുട്‌ബോളിലെ ഏറ്റവും പ്രശസ്തമായ മൂന്ന് ക്ലബ്ബുകളില്‍ ഒന്ന് അല്‍ നാസര്‍ ആയതിനാല്‍ 2024 ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ അല്‍ നസറിന് ക്ഷണം നല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നു,’ അല്‍ഹര്‍ബി റിപ്പോര്‍ട്ട് ചെയ്തു.

അല്‍ നസര്‍  യു.സി.എല്‍ കളിക്കാന്‍ യോഗ്യത നേടുകയാണെങ്കില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തന്റെ പഴയ കളിത്തട്ടിലേക്ക് മടങ്ങിയെത്താനാവും.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അവിസ്മരണീയമായ ഒരു പിടി മികച്ച റെക്കോഡുകള്‍ റൊണാള്‍ഡോയുടെ പേരിലുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്കായി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച റൊണാള്‍ഡോ 183 മത്സരങ്ങളില്‍ നിന്നും 140 ഗോളുകളും 40 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2008ൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമായിരുന്നു റോണോ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിനൊപ്പം ഹാട്രിക് കിരീടമടക്കം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ആണ് റൊണാള്‍ഡോ വിജയിച്ചിട്ടുള്ളത്.

2013-14 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ മാഡ്രിനായി 17 ഗോളുകള്‍ ആണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയത്. ഇത് ചാമ്പ്യന്‍ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഫ്രീ ഏജന്റ് ആയാണ് റൊണാള്‍ഡോ സൗദിയില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ വരവോടുകൂടി യൂറോപ്പിലെ ഒരു മികച്ച താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ സൗദി ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിരുന്നു.

നിലവില്‍ സൗദി ലീഗില്‍ 38കാരനായ റൊണാള്‍ഡോ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് അല്‍ നസറിനായി നടത്തുന്നത്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് റൊണാള്‍ഡോ.

Content Highlight: Reports says Cristiano Ronaldo will return to the UEFA Champions League with Al Nassr.

We use cookies to give you the best possible experience. Learn more