| Thursday, 21st December 2023, 5:55 pm

റൊണാൾഡോ സ്പെയ്നിലേക്ക് മടങ്ങിയെത്തുന്നു? റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി വമ്പന്‍മാരായ അല്‍ നസര്‍ റയല്‍ മാഡ്രിഡിനെതിരെയും ബാഴ്‌സലോണക്കെതിരെയും കളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിനെതിരെ കളിക്കുന്നത് ഏറെ ശ്രദ്ധേയമാവും.

2024ന്റെ തുടക്കത്തില്‍ അല്‍ നസര്‍ റയല്‍ മാഡ്രിഡിനെതിരെയും ബാഴ്‌സലോണക്കെതിരെയും ഒരു മിനി ടൂര്‍ണമെന്റ് കളിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് അല്‍ ഹര്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘2024ന്റെ തുടക്കത്തില്‍ ഒരു മിനി ടൂര്‍ണമെന്റായി സ്‌പെയിനിലേക്ക് വരാനും ബാഴ്‌സലോണയുമായും റയല്‍ മാഡ്രിഡുമായും കളിക്കാന്‍ സ്പാനിഷ് ഫുട്‌ബോളില്‍ നിന്നും അല്‍ നസറിന് ക്ഷണം നല്‍കാമെന്ന ആശയമുണ്ട്,’ അല്‍ ഹര്‍ബി റിപ്പോര്‍ട്ട് പറയുന്നു.

ഈ മത്സരം നടക്കുകയാണെങ്കില്‍ അല്‍ നസര്‍ സൂപ്പര്‍ താരം റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാവും ഇത്.

2009ലാണ് റൊണാള്‍ഡോ സാന്‍ഡിയാഗോ ബെര്‍ണബ്യുവില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം നീണ്ട ഒമ്പത് സീസണുകളില്‍ ഒരു അവിസ്മരണീയമായ കരിയറാണ് പോര്‍ച്ചുഗീസ് ഇതിഹാസം കെട്ടിപ്പടുത്തുയര്‍ത്തിയത്.

റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 450 ഗോളുകളും 131 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം രണ്ട് ലാ ലിഗ കിരീടവും, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്.

2018 ലാണ് റോണോ റയല്‍ മാഡ്രിഡിനൊപ്പം ഉള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ച് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലേക്ക് ചേക്കേറുന്നത്. അവിടെ നിന്നും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുകയും പിന്നീട് 2022ല്‍ സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ നസറിലേക്ക് പോവുകയുമായിരുന്നു.

സൗദി ക്ലബ്ബിനൊപ്പം ഈ സീസണില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 19 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.

സ്പാനിഷ് ലീഗില്‍ കളിക്കുമ്പോള്‍ ബാഴ്‌സലോണക്കെതിരെ 34 മത്സരങ്ങളാണ് റൊണാള്‍ഡോ കളിച്ചിട്ടുള്ളത്. ഇതില്‍ 10 തവണ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ 15 തവണ വിജയം ബാഴ്‌സക്കൊപ്പമായിരുന്നു. കറ്റാലന്‍മാര്‍ക്കെതിരെ 20 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേരിലുള്ളത്.

2024 തുടക്കത്തില്‍ റൊണാള്‍ഡോ തന്റെ പഴയ ടീമിനെതിരെ പന്തു തട്ടാന്‍ എത്തുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

Content Highlight: Reports says Cristiano Ronaldo will play against Real Madrid ands Barcelona in 2024.

We use cookies to give you the best possible experience. Learn more