| Monday, 29th August 2022, 8:50 pm

ടെന്‍ ഹാഗിന്റെ തെറി കേട്ട് മടുത്തു; റൊണാള്‍ഡോ നാപ്പോളിയിലേക്ക്? ഇങ്ങനെ സംഭവിച്ചാല്‍ താരം നാപ്പോളിയിലെത്തും

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന.

സമ്മര്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാനിരിക്കെയാണ് താരം സീരി എയിലെ സൂപ്പര്‍ ടീമായ നാപ്പോളിയിലേക്ക് പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മൂന്ന് ദിവസം മാത്രമാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇനി ബാക്കിയുള്ളത്. ഈ കാലയളവിനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അനിശ്ചിതത്വങ്ങള്‍ തീര്‍ത്ത് റൊണാള്‍ഡോക്ക് നാപ്പോളിയിലെത്താന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇ.എസ്.പി.എന്നാണ് താരം നാപ്പോളിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. നേരത്തെ സീരി എയില്‍ യുവന്റസിന് വേണ്ടി കളിക്കുമ്പോള്‍ മൂന്ന് സീസണിലെ 134 മാച്ചില്‍ നിന്നും 101 ഗോളാണ് താരം അടിച്ചുകൂട്ടിയത്.

എന്നാല്‍ സീരി എയിലേക്കുള്ള മടങ്ങിപ്പോക്കാണ് റൊണാള്‍ഡോക്ക് മുമ്പില്‍ ഇപ്പോള്‍ ചോദ്യമായി ഉയരുന്നത്. മാഞ്ചസ്റ്ററിലെ പ്രശ്‌നങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ ബാക്കിയുള്ള മൂന്ന് ദിവസം കൊണ്ട് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹം മാഞ്ചസ്റ്ററില്‍ തന്നെ തുടരേണ്ടി വരുമെന്നുമാണ് എല്‍ ചിരിങ്ഗ്വിറ്റോ ടി.വി പറയുന്നത്.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ പ്രീമിയര്‍ ലീഗിലെ തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെങ്കില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും റൊണോക്ക് ഡിയാഗോ അര്‍മാന്‍ഡോ മറഡോണ സ്‌റ്റേഡിയത്തിലേക്ക് പറക്കാന്‍ സാധിക്കും.

നാപ്പോളി മാനേജര്‍ ലൂസിയാനോ സ്‌പെലെറ്റി ക്രിസ്റ്റ്യാനോയെ ഇറ്റലിയിലേക്കെത്തിക്കാന്‍ ഏറെ താത്പര്യപ്പെടുന്നുണ്ട്. എന്നാല്‍ മുന്നിലുള്ളത് വെറും മൂന്ന് ദിവസമാണ് എന്നതാണ് പ്രധാന പ്രശ്‌നം.

റൊണാള്‍ഡോ മറ്റ് ടീമുകളുടെ പുറകെ പോവുന്നതും, മാഞ്ചസ്റ്റിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കാത്തതും യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു.

ടീം അംഗങ്ങളുടെ മുന്നില്‍ വെച്ച് റൊണാള്‍ഡോയെ അപമാനിക്കുന്ന തരത്തില്‍ ടെന്‍ ഹാഗ് പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഞ്ചസ്റ്ററില്‍ താന്‍ പറയുന്നത് പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുവെന്നും അതിനുള്ള അധികാരം തനിക്ക് ടീമില്‍ ഉണ്ടെന്നുമായിരുന്നു ടെന്‍ ഹാഗ് പറഞ്ഞത്.

അഥവാ റൊണാള്‍ഡോക്ക് മാഞ്ചസ്റ്ററില്‍ തുടരേണ്ടി വരികയാണെങ്കില്‍ ടെന്‍ ഹാഗുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാവൂ.

Content highlight: Reports says Cristiano Ronaldo will join Napoli if uncertainty over Manchester United future is over

We use cookies to give you the best possible experience. Learn more