| Sunday, 31st July 2022, 10:10 am

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഞ്ഞ ജേഴ്‌സിയിലെത്താന്‍ സാധ്യത; അങ്ങനെയെങ്കില്‍ 'മഞ്ഞപ്പട' ഒരു പൊളി പൊളിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബുണ്ടസ് ലീഗയിലെ അതികായരായ ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്കെത്താന്‍ സാധ്യത. സെബാസ്റ്റ്യന്‍ ഹാളര്‍ക്ക് പകരക്കാരനായി താരത്തെ ടീമിലെത്തിക്കാനാണ് സാധ്യത.

ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹമാണ് റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ വിടാന്‍ നിര്‍ബന്ധിതനാക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ജര്‍മന്‍ ക്ലബ്ബിന്റെ ഓഫറെത്തിയാല്‍ ക്രിസ്റ്റ്യാനോ അത് തള്ളിക്കളയാതെ പരിഗണിക്കാനും സാധ്യതയേറെയാണ്.

കായികമാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ എന്തുകൊണ്ടും ബൊറൂസിയക്ക് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ലീഗില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഡോര്‍ട്മുണ്ടിന് സി.ആര്‍. സെവനിന്റെ വരവ് ഗുണം ചെയ്യുമെന്നുറപ്പാണ്.

ടീം സജ്ജമാക്കുന്നതിനൊപ്പം തന്നെ ആഗോള തലത്തില്‍ റെക്കഗ്‌നീഷന്‍ ലഭിക്കാനും റൊണാള്‍ഡോയുടെ വരവ് ഏറെ സഹായകരമാവും. വരുമാനത്തിലും വിപണി മൂല്യത്തിലും വന്‍ വര്‍ധനവ് തന്നെയായിരിക്കും ലോകഫുട്‌ബോളറുടെ വരവ് ഡോര്‍ട്മുണ്ടിനുണ്ടാക്കുക.

റൊണാള്‍ഡോ ടീമിലേക്കെത്തുകയാണെങ്കില്‍ അത് ഏറെ ആഘോഷമാക്കാന്‍ പോകുന്നത് ‘ദി യെല്ലോ വാള്‍’ എന്ന് വിളിപ്പേരുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ആരാധകര്‍ തന്നെയാവും.

‘സി.ആര്‍. സെവന്‍ നോട്ട് വെല്‍ക്കം’ എന്നെഴുതിയ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ ഉയര്‍ത്തിയ ചെറിയ ബാനറിനേക്കാള്‍ നൂറിരട്ടി വലിപ്പമുള്ള ടിഫോയാവും റൊണാള്‍ഡോയെ സ്വീകരിക്കാന്‍ ബൊറൂസിയയുടെ മഞ്ഞപ്പട ഒരുക്കുന്നത്.

ടിഫോയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരുമില്ലെന്നിരിക്കെ സി.ആര്‍. സെവന്‍ ടീമിലെത്തുകയാണെങ്കില്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വരവേല്‍പാവും താരത്തിന് ലഭിക്കുക എന്നുറപ്പാണ്.

എര്‍ലിങ് ബ്രൂട്ട് ഹാളണ്ടിന് പകരക്കാരനായിട്ടായിരുന്നു സെബാസ്റ്റ്യന്‍ ഹാളറെ ബൊറൂസിയ ടീമിലെത്തിച്ചത്. ഡച്ച് ക്ലബ്ബായ അയാക്‌സില്‍ നിന്നായിരുന്നു ഹാളര്‍ ഡോര്‍ട്മുണ്ടിലെത്തിയത്.

എന്നാല്‍ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുമ്പായി താരത്തിന് ക്യാന്‍സര്‍ ബാധ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സയ്ക്കായി ടീം വിടുകയുമായിരുന്നു. ഇതോടെ ഹാളറുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബൊറൂസിയ ഡോര്‍ട്മുണ്ട്.

Content Highlight: Reports says Cristiano Ronaldo may joins with Borussia Dortmund

We use cookies to give you the best possible experience. Learn more