| Friday, 21st October 2022, 6:23 pm

അപ്പോള്‍ ഉണ്ണിക്ക് മര്യാദ അറിയാം ല്ലേ; കിട്ടേണ്ടത് കിട്ടയപ്പോള്‍ തോന്നേണ്ടത് തോന്നി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തെ തന്നെ ഗ്രൗണ്ടില്‍ പ്രാക്ടീസിനെത്തിയതായി റിപ്പോര്‍ട്ട്. ടീമിന്റെ അണ്ടര്‍ 21 താരങ്ങള്‍ക്കൊപ്പമാണ് താരം പ്രാക്ടീസിനിറങ്ങിയത്.

അതിരാവിലെ തന്നെ താരം ഗ്രൗണ്ടിലെത്തിയെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂസ് ടീം ചീഫായ സാമുവല്‍ ലക്‌ഹേഴ്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍സുമായുള്ള മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങും മുമ്പ് തന്നെ താരം ഗ്രൗണ്ട് വിട്ട് പോയിരുന്നു. ഇക്കാരണത്താല്‍ കോച്ചും ആരാധകരുമൊന്നാകെ ക്രിസ്റ്റിയാനോക്കെതിരെ തിരിഞ്ഞിരുന്നു.

താരത്തിന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയെന്നോണം കോച്ച് എറിക് ടെന്‍ ഹാഗ് ക്രിസ്റ്റിയാനോയെ ചെല്‍സിക്കെതിരായ മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. റൊണാള്‍ഡോ ഇല്ലാതെയാണ് മാഞ്ചസ്റ്റര്‍ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജിലേക്ക് പറക്കുന്നത്.

എന്നാല്‍ തന്റെ പ്രവര്‍ത്തിയില്‍ ഖേദമുണ്ടെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരോടും ബഹുമാനപൂര്‍വം ഇടപെടാനാണ് താന്‍ എന്നെന്നും ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ ചില നിമിഷങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്നുമാണ് റോണോ പറയുന്നത്.

അപ്പോളജി, മാപ്പ് തുടങ്ങിയ പദങ്ങളൊന്നും തന്നെ താരം ഖേദപ്രകടനത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം യുണൈറ്റഡിനൊപ്പം ഒന്നിച്ചുനില്‍ക്കുമെന്ന നിലയിലാണ് കുറിപ്പ് അവസാനിച്ചിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ക്രിസ്റ്റ്യാനോക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ രണ്ടാഴ്ചത്തെ ശമ്പളം റദ്ദാക്കികൊണ്ട് പിഴ ഈടാക്കാനും സഹകളിക്കാരോട് മാപ്പ് പറയാനും ടെന്‍ ഹാഗും അധികൃതരും നിശ്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ പരസ്യമായി വിശദീകരണ കുറിപ്പുമായി എത്തിയത്.

‘എന്റെ കരിയറിലുടനീളം സഹതാരങ്ങളോടും എതിര്‍ കളിക്കാരോടും പരിശീലകരോടും ബഹുമാനപൂര്‍വം ഇടപെടാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞാനും മാറിയിട്ടില്ല.

കഴിഞ്ഞ 20 വര്‍ഷമായി ഫുട്ബോള്‍ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രൊഫഷണലും തന്നെയാണ് ഞാന്‍ ഇപ്പോഴും. ഞാനെടുക്കുന്ന ഓരോ തീരുമാനത്തിലും ബഹുമാനമെന്ന ഘടകത്തിന് വലിയ പങ്കുണ്ടായിരുന്നു.

ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയ ആളാണ്. അന്ന് മുതല്‍ മുതിര്‍ന്ന കളിക്കാര്‍ എനിക്ക് മാതൃകയായിരുന്നു. അതിന് ഞാന്‍ ഒരുപാട് പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വളര്‍ന്നപ്പോഴും ചെറുപ്പക്കാരായ കളിക്കാര്‍ക്ക് മാതൃകയാകാനാണ് ശ്രമിച്ചത്. ഞാന്‍ കളിച്ച ഓരോ ടീമിലെയും യുവ കളിക്കാര്‍ക്ക് മുമ്പിലും മാതൃകാപരമായി ഇടപെടാന്‍ ഞാനെന്നും ശ്രമിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍ അങ്ങനെ പെരുമാറാന്‍ എപ്പോഴും സാധിക്കണമെന്നില്ല. ചില സമയത്ത് കോപം നമ്മുടെ കൂട്ടത്തിലെ ഏറ്റവും മികച്ചവരെ പോലും കീഴടക്കാറുണ്ട്.

കാരിങ്ടണില്‍ കൂടുതല്‍ പരിശീലനം നടത്തണമെന്നും എന്റെ സഹതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യണമെന്നും ഈ ഗെയിമില്‍ എന്താണോ എന്നെ കാത്തിരിക്കുന്നത് അതിനെല്ലാം തയ്യാറായി ഇരിക്കണമെന്നുമാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്.

സമ്മര്‍ദത്തിന് കീഴ്പ്പെടുന്നത് ഒരു ഓപ്ഷനല്ല, ഒരിക്കലും ആകുകയുമില്ല എന്നും ഞാന്‍ മനസിലാക്കുന്നു. ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്. യുണൈറ്റഡ് ആയി തന്നെ നമ്മള്‍ നിലകൊള്ളണം. ഉടനെ തന്നെ നമ്മള്‍ വീണ്ടും ഒന്നിക്കും,’ ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

content highlight: Reports says Cristiano Ronaldo arrives early morning for training with Manchester United U21s

Latest Stories

We use cookies to give you the best possible experience. Learn more