| Tuesday, 6th February 2024, 5:40 pm

അല്‍ ഹിലാലിനെതിരെ റൊണാള്‍ഡോ കളത്തിലിറങ്ങുമോ? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൗഹൃദ മത്സരത്തില്‍ ഫെബ്രുവരി എട്ടിന് അല്‍ ഹിലാല്‍ അല്‍ നസറിനെ നേരിടും. ഈ ആവേശകരമായ മത്സരത്തില്‍ അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

പരിക്കിനെ തുടര്‍ന്ന് ഇന്റര്‍ മയാമിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരമില്ലാതെ തന്നെ അല്‍ നസര്‍ ആറ് ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ വരാനിരിക്കുന്ന അവരുമായുള്ള മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്‍ നസറിന്റെ പരിശീലന സെക്ഷനില്‍ റൊണാള്‍ഡോ ഇറങ്ങിയതായി മാധ്യമപ്രവര്‍ത്തകന്‍ അലി അലബ്ദല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം നേരത്തെ റൊണാള്‍ഡോയുടെ പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നടക്കുന്ന പരിശീലന മത്സരങ്ങള്‍ അല്‍ നസര്‍ ഫെബ്രുവരി അവസാനത്തേക്ക് നീട്ടിവെച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരം അല്‍ ഹിലാലിനെതിരെ കളത്തില്‍ ഇറങ്ങും എന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് നിലനില്‍ക്കുന്നത്.

നിലവില്‍ സൗദി പ്രോ ലീഗില്‍ കിരീട പോരാട്ടത്തിനായി ഇരു ടീമുകളും ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. സൗദിയില്‍ നിലവില്‍ 19 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 53 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 46 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ് അല്‍ നസര്‍.

അതേസമയം റൊണാള്‍ഡോ ഈ സീസണില്‍ മിന്നും ഫോമിലാണ് സൗദി വമ്പന്മാര്‍ക്ക് വേണ്ടി കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ ഇരുപത്തി നാല് ഗോളുകളും 11 അസിസ്റ്റുകളും ആണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നേടിയത്.

2023ല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ക്ലബ്ബ് തലത്തിലും ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

Content Highlight: Reports says Cristaino Ronaldo will play against Al Hilal.

We use cookies to give you the best possible experience. Learn more