എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ ഇന്ന് അല്‍ ദുഹൈലിനെ നേരിടും. അല്‍ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ റൊണാള്‍ഡോ അല്‍ ദുഹൈലിനെതിരെ കളിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മത്സരത്തില്‍ റൊണാള്‍ഡോക്ക് വിശ്രമം നല്‍കാന്‍ അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ തീരുമാനിച്ചെന്നാണ് സൗദി ഗസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ ജോലിഭാരവും ക്ഷീണവും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഈ സീസണിന്റെ തുടക്കം മുതല്‍ റൊണാള്‍ഡോ മിന്നും ഫോമിലാണ് കളിക്കുന്നത്. 16 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും ആണ് റോണോയുടെ അക്കൗണ്ടില്‍ ഉള്ളത്. നിലവില്‍ സൗദി ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ 38കാരന്‍.
റൊണാള്‍ഡോക്ക് പുറമെ ഈ സീസണിലെ അല്‍ നസറിന്റെ പുതിയ സൈനിങ് ആയ അയ്‌മെറിക് ലാപോര്‍ട്ടും മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കും. ഈ രണ്ടു താരങ്ങള്‍ക്ക് പകരമായി കളത്തിലിറക്കാന്‍ നിരവധി താരങ്ങള്‍ ലൂയിസ് കാസ്‌ട്രോയുടെ പക്കല്‍ ഉണ്ട്. സാദിയോ മാനെ, ആന്‍ഡേഴ്‌സണ്‍ ടാലിസ്‌ക എന്നീ മികച്ച താരങ്ങളും അല്‍ നസറിനുണ്ട്.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ മികച്ച തുടക്കമാണ് റോണോയും കൂട്ടരും കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചുകൊണ്ട് ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍.
അതേസമയം അല്‍ ദുഹൈല്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു സമനിലയും രണ്ട് തോല്‍വിയും അടക്കം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
Content Highlight: Reports says Cristaino Ronaldo will not play agains AL Duhail.