ആളും ആരവവുമായി 2024 പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങിയിരിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്കപ്പുറം അമേരിക്കയിലേക്കാണ് ഒളിമ്പിക്‌സ് വീണ്ടും ചെന്നെത്തുന്നത്. ലോസ് ആഞ്ചലസാണ് അടുത്ത തവണ ഒളിമ്പിക്‌സിന്റെ ആതിഥേയര്‍. 2028 ഒളിമ്പിക്‌സിനായി ആരാധകര്‍ ഇപ്പോഴേ കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ ലോസ് ആഞ്ചലസ് കീഴടക്കാനുറച്ച് അത്‌ലീറ്റുകള്‍ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
പല മാറ്റങ്ങളും 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ഉണ്ടാകും. ബോക്സിങ് ഒളിമ്പിക്സില്‍ നിന്നും പുറത്തായപ്പോള്‍ ക്രിക്കറ്റ് ഒരിക്കല്‍ക്കൂടി ഒളിമ്പിക്സിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സെങ്കിലും ടീമുകള്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ആ പേരിലായിരിക്കില്ല അടുത്ത ഒളിമ്പിക്‌സിനറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്‌ലാന്‍ഡിനൊപ്പം ചേര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണെയായിരിക്കും ഇംഗ്ലണ്ട് പ്രതിനിധീകരിക്കുക. ഒളിമ്പിക്‌സിലെ എല്ലാ ഇവന്റുകള്‍ക്കും ഇംഗ്ലണ്ടും സ്‌കോട്‌ലാന്‍ഡും വെയ്ല്‍സും ഒന്നുചേര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ് വേണ്ടിയായാണ് കളത്തിലിറങ്ങാറുള്ളത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് സ്‌കോട്‌ലാന്‍ഡും ഈ തീരുമാനവുമായി മുന്നോട്ട് പോകാന്‍ സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അതേസമയം, അയര്‍ലാന്‍ഡ് തനിയെ ഒരു ടീമായി തന്നെ കളത്തിലറങ്ങിയേക്കും. ക്രിക്കറ്റ് എന്ന ഗെയിമിനും ക്രിക്കറ്റ് പ്ലെയിങ് നേഷനുകള്‍ക്കും വളരെ വലിയ അവസരമാണ് 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ്.
അതേസമയം, ക്രിക്കറ്റ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നതിനെ കുറിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് സംസാരിച്ചിരുന്നു. ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് വളരെ മികച്ച കാര്യമാണെന്നും ഏറെ കാലമായുള്ള ശ്രമം ഫലവത്തായെന്നും പോണ്ടിങ് പറഞ്ഞു. ഐ.സി.സി റിവ്യൂയിലാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്.
‘ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. കഴിഞ്ഞ 15-20 വര്‍ഷങ്ങളായി പല കമ്മിറ്റികളിലും ഇരുന്ന് ഞാനും ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ക്രിക്കറ്റിനെ എങ്ങനെ വീണ്ടും ഒളിമ്പിക്സിന്റെ ഭാഗമാക്കാം എന്നത് എല്ലാ തവണയും ഒരു പ്രധാന അജണ്ടയുമായിരുന്നു. ഒടുവില്‍ അത് സംഭവിക്കുന്നു,’ പോണ്ടിങ് പറഞ്ഞു.
ഒരു നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. 1900ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് വീണ്ടും ബിഗ് സ്റ്റേജിലേക്ക് തിരിച്ചെത്തുന്നത്.
1900ല്‍ മാത്രമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമായത്. രണ്ട് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഗ്രേറ്റ് ബ്രിട്ടണും ഫ്രാന്‍സും തമ്മില്‍ നടന്ന 2-ഡേ മാച്ചില്‍ ബ്രിട്ടണാണ് സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏക ഒളിമ്പിക് ക്രിക്കറ്റ് ഗോള്‍ഡ് മെഡലിസ്റ്റുകള്‍ എന്ന ബ്രിട്ടണിന്റെ 128 വര്‍ഷത്തെ റെക്കോഡാകും ലോസ് ആഞ്ചലസില്‍ തകര്‍ന്ന് വീഴുക.
ക്രിക്കറ്റ് മാത്രമല്ല, പഴയതും പുതിയതുമായ ആറ് ഗെയിമുകള്‍ കൂടി ലോസ് ആഞ്ചലസ് ഒളിമ്പികിസിന്റെ ഭാഗമാകുന്നുണ്ട്.