ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ ക്യാപ്റ്റന്‍സി ബാന്‍ പിന്‍വലിക്കാന്‍ ക്രിക്കറ്റ് ആസ്‌ട്രേലിയ തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂസ് കോര്‍പ് ഔട്ട്‌ലെറ്റിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ബെന്‍ ഹോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് എന്ന പേരില്‍ പ്രശസ്തമായ ബോള്‍ ടാംപറിങ് ഇന്‍സിഡന്റിന് പിന്നാലെയാണ് വാര്‍ണറിന് നേതൃവിലക്ക് നേരിടേണ്ടി വന്നത്. വാര്‍ണറിന് പുറമെ സ്റ്റീവ് സ്മിത്ത്, യുവതാരം കാമറൂണ്‍ ബെന്‍ക്രാഫ്റ്റ് എന്നിവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു.
അന്നത്തെ വൈസ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറിനെ 12 മാസത്തേക്ക് കളിക്കുന്നതില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുന്നതില്‍ നിന്നും ആജീവനാന്തമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. ഈ വിലക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ണറിന് പുറമെ സ്റ്റീവ് സ്മിത്തിനും വിലക്ക് നേരിടേണ്ടി വന്നിരുന്നു. 12 മാസത്തേക്ക് തന്നെയായിരുന്നു സ്മിത്തിനും വിലക്കുണ്ടായിരുന്നത്.
ഓസീസിന്റെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) അടക്കം ഡേവിഡ് വാര്‍ണര്‍ അവിഭാജ്യ ഘടകമാണ്.
ബി.ബി.എല്ലിനെ സാമ്പത്തികമായി വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്നത്. ഓവര്‍സീസ് താരങ്ങളെ ഡ്രാഫ്റ്റിലൂടെ ബി.ബി.എല്ലിലെത്തിക്കാനുള്ള ശ്രമവും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ട്.
വാര്‍ണറിന്റെ ക്യാപ്റ്റന്‍സി ബാന്‍ മാറ്റുന്നതോടെ ബി.ബി.എല്ലില്‍ താരത്തിന് ക്യാപ്റ്റനാവാന്‍ സാധിക്കുമെന്നും അതുവഴി സാമ്പത്തികമായടക്കം കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍.
ടി-20 ലോകകപ്പ് കൂടി മുന്നില്‍ കണ്ടിട്ടാവണം ഇത്തരമൊരു നീക്കവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നോട്ട് പോവുന്നത്. സ്വന്തം മണ്ണില്‍ തന്നെ വെച്ച് നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് കങ്കാരുക്കള്‍ ഇറങ്ങുന്നത്.
Content highlight: Reports says Cricket Australia to revoke David Warner’s Captaincy Ban