| Thursday, 12th December 2024, 11:54 am

ഇന്ത്യ - പാകിസ്ഥാന്‍ തര്‍ക്കത്തിനിടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ ട്വിസ്റ്റ്; ഇതെങ്ങോട്ടാ പോകുന്നത്?

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പര്യടനം നടത്തില്ല എന്ന പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാല്‍ വേദിമാറ്റവും ടൂര്‍ണമെന്റിന്റെ നടത്തിപ്പും സംബന്ധിച്ച് തര്‍ക്കങ്ങള്‍ അന്ത്യമില്ലാതെ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യ – പാകിസ്ഥാന്‍ ടീമുകളുടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ എങ്ങുമെത്താതെ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഫസ്റ്റ് ഡ്രാഫ്റ്റും ഷെഡ്യൂളുകളും പി.സി.ബി ഐ.സി.സിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ ക്രമീകരിച്ചാണ് പി.സി.ബി ഐ.സി.സിക്ക് മുമ്പില്‍ ഷെഡ്യൂള്‍ സമര്‍പ്പിച്ചത്.

എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ല എന്ന് തീരുമാനിച്ചതോടെയാണ് പ്രതിസന്ധികള്‍ക്ക് തുടക്കമായത്.

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും പാകിസ്ഥാന് പുറത്ത് ദുബായ് പോലുള്ള ഒരു ന്യൂട്രല്‍ വേദിയില്‍ നടത്താമെന്ന ബി.സി.സി.ഐയുടെ നിര്‍ദേശം ഐ.സി.സി അംഗീകരിച്ചെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പി.സി.ബി മുന്നോട്ടുവച്ച വ്യവസ്ഥകളാണ് അനിശ്ചിതത്വം തുടരാന്‍ കാരണമായിരിക്കുന്നത്.

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡല്‍ നടപ്പാക്കിയാല്‍ 2027 വരെ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ലും പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തണമെന്നാണ് പി.സി.ബിയുടെ ആവശ്യം. ഇതിന് ബി.സി.സി.ഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് 100 ദിവസം മുമ്പ് ഷെഡ്യൂള്‍ പുറത്തിറക്കുകയാണ് പതിവ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇനി 75ല്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നവംബര്‍ 12നകം ഔദ്യോഗിക ഷെഡ്യൂള്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ബ്രോഡ്കാസ്റ്റര്‍മാരും സ്പോണ്‍സര്‍മാരും സമ്മര്‍ദം ചെലുത്തിയിട്ടും വിഷയം സമവായത്തിലെത്തിക്കാന്‍ ഐ.സി.സിക്ക് സാധിച്ചിട്ടില്ല.

അതേസമയം, ഈ പ്രതിസന്ധി തുടരുന്നത് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് തന്നെ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി ടി-20 ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമാക്കിയതായാണ് ക്രിക്ബസ്സിന്റെ റിപ്പോര്‍ട്ട്.

ഡിസംബര്‍ 7ന് ഐ.സി.സി ബോര്‍ഡ് അംഗങ്ങളുടെ യോഗം നടക്കേണ്ടതായിരുന്നു. എന്നാല്‍, ബി.സി.സി.ഐ-പി.സി.ബി തര്‍ക്കം സമവായത്തിലെത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് സാധിക്കാതെ വന്നതോടെ ഈ യോഗം മാറ്റിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച് ഇതുവരെ ഐ.സി.സിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ഹൈബ്രിഡ് മോഡലിന് എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും അംഗീകാരം നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഉപാധികളോട് മാത്രമേ ചാമ്പ്യന്‍സ് ട്രോഫിക്ക് ഹൈബ്രിഡ് മോഡല്‍ അനുവദിക്കൂ എന്ന ഉറച്ച നിലപാടിലാണ് പി.സി.ബി.

Content Highlight: Reports says Champions Trophy 2025 may happen in T20 format

We use cookies to give you the best possible experience. Learn more