ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് സിഖ് പേരുകളില്‍ ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെ. കേസില്‍ കസ്റ്റഡിയയിലെടുത്ത യുവതിയാണ് വ്യാജ സിഖ് പ്രൗഫൈലുകള്‍ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നയിച്ചത്.
കേസിലെ മുഖ്യപ്രതിയായ യുവാവും ഇത്തരത്തില്‍ സിഖ് പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു ആപ്പ് നിയന്ത്രിച്ചിരുന്നത്. ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു ഇയാള്‍ അക്കൗണ്ട് ഉണ്ടാക്കിയത്. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖുകാരുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റിയിരുന്നു.
സംഭവത്തിന് പിന്നില്‍ സിഖ് സമൂഹമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഇത്തരത്തിലൊരു നീക്കം എന്നാണ് പറയപ്പെടുന്നത്.
ട്വിറ്ററിലൂടെയും ബുള്ളി ഭായ് എന്ന ആപ്പിന്റെ പ്രചാരണം ഇവര്‍ നടത്തിയിരുന്നു. ഖലിസ്ഥാന്‍ ചിത്രമുപയോഗിച്ച് സൃഷ്ടിച്ച ബുള്ളി ഭായ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു ആപ്പിന്റെ പ്രചാരണം.
#UPDATE | ‘Bulli Bai’ app case: The 21-year-old man arrested by Mumbai Police Cyber Cell has been identified as Vishal Kumar. Main accused in the case is a woman detained from Uttarakhand. Both of the accused know each other: Mumbai Police https://t.co/GcjJRj0xaF
കേസിലെ മുഖ്യപ്രതിയായ യുവതിയെ ഉത്തരാഖണ്ഡില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരില്‍ വെച്ച് നേരത്തെ അറസ്റ്റ് ചെയത യുവാവും ഇവരും തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 21 വയസ്സായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വിശാലിനെയാണ് പൊലീസ് ബാംഗ്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.
ഐ.പി.സിയിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ പിടികൂടിയ രണ്ടുപേരും പരസ്പരം അറിയുന്നവരാണെന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അവര്‍ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞിരുന്നു. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രസിദ്ധ മാധ്യമപ്രവര്‍ത്തക ഇസ്മിത് ആറയാണ് ബുള്ളി ഭായ് ആപ്പിനെതിരെ ആദ്യമായി രംഗത്തു വന്നത്. തന്റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് പറഞ്ഞത്.
It is very sad that as a Muslim woman you have to start your new year with this sense of fear & disgust. Of course it goes without saying that I am not the only one being targeted in this new version of #sullideals. Screenshot sent by a friend this morning.
ഇതിനു പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹിക പ്രവര്‍ത്തക സിദ്‌റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.
സി.എ.എ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയേയും ബുള്ളി ഭായ് ആപ്പില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. നേരത്തെ സുള്ളി ഡീല്‍സ് ആപ്പിലും ഇവരുടെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു.
തിരിച്ചറിയാനാവാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കമന്റുകള്‍ മുസ്‌ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘മോശമായതും അംഗീകരിക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ എന്റെ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ ഒരു വെബ്സൈറ്റില്‍ കണ്ടു. ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് ഞാന്‍ നിരന്തരം ഇരയാവാറുണ്ട്. ഇത് അത്തരം ചൂഷണത്തിന്റെ അടുത്ത ഘട്ടമായാണ് തോന്നുന്നത്.
എന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതിനാല്‍ ഇതില്‍ അടിയന്തര നടപടി വേണം.
‘ബുള്ളി ഭായ്’ എന്ന പേര് തന്നെ അപമാനിതമാണ്. ഈ വെബ്സൈറ്റിന്റെ കണ്ടന്റ് മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്,” മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.
Digital platforms like these are rife with misogyny and communal hatred aimed at women. This is very disturbing and shameful. Maharashtra Govt. is taking strong actions against such platforms. I have instructed @MahaCyber1 for the same & they are on it. https://t.co/ivBwDJ0k9n
നേരത്തെ ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന വ്യാജ ആപ്പ് പ്രവര്‍ത്തിച്ചിരുന്നു. ആപ്പില്‍ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെയും നോയിഡയിലെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്. ആ കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ‘ബുള്ളി ഭായ്’ എന്ന പേരില്‍ പുതിയ ആപ്പിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയാണ് ഇതും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നു.
സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ലദീദ ഫര്‍സാന ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.
കേരളത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വിദ്വേഷ അതിക്രമത്തിനായി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സുള്ളി ഡീല്‍സിനെതിരെ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും യാതൊരും അപ്‌ഡേഷനും ലഭിച്ചിരുന്നില്ലെന്നും ലദീദ പറഞ്ഞു.