| Sunday, 3rd November 2024, 8:26 am

രാജ്യത്തിനായി മത്സരങ്ങള്‍ കളിക്കണം, ഐ.പി.എല്ലിലേക്കില്ല; കടുത്ത തീരുമാനവുമായി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ നിന്ന വിട്ടുനില്‍ക്കാന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും റെഡ് ബോള്‍ ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സ്. നാഷണല്‍ ഡ്യൂട്ടിക്കായാണ് താരം ഐ.പി.എല്ലില്‍ നിന്നും സ്വയം പിന്‍മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിന്റെ നിരവധി മത്സരങ്ങളാണ് സ്‌റ്റോക്‌സിന് മുമ്പിലുള്ളത്. സീസണില്‍ പൂര്‍ണമായും ടീമിനൊപ്പം ചേരാന്‍ വേണ്ടിയാണ് താരം ഐ.പി.എല്ലിനോട് മുഖം തിരിച്ചിരിക്കുന്നത്.

ബെന്‍ സ്‌റ്റോക്‌സിന് പുറമെ പല ഇംഗ്ലണ്ട് താരങ്ങളും ഐ.പി.എല്‍ കളിക്കാനുള്ള സാധ്യതകള്‍ കുറവാണ്.

തന്റെ കരിയറിന്റെ തുടക്കം മുതല്‍ക്കുതന്നെ മറ്റേത് ഫോര്‍മാറ്റിനെക്കാളും ടെസ്റ്റിന് പ്രാധാന്യം നല്‍കിയ താരമായിരുന്നു ബെന്‍ സ്‌റ്റോക്‌സ്. 2025-26 സീസണിലെ ആഷസ് ഉള്‍പ്പടെ നിരവധി മത്സരങ്ങളാണ് ബെന്‍ സ്റ്റോക്‌സിന് മുമ്പിലുള്ളത്. ഈ മത്സരങ്ങളിലെല്ലാം തന്നെ ദേശീയ ടീമിനൊപ്പമുണ്ടാകാന്‍ വേണ്ടിയാണ് സ്റ്റോക്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും തത്കാലം വിട്ടുനില്‍ക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റിനിടെ സ്‌റ്റോക്‌സിന് പരിക്കേറ്റിരുന്നു. ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെ താരത്തിന് ദേശീയ ടീമിനൊപ്പം പല മത്സരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇത് ഒഴിവാക്കാനാണ് സ്റ്റോക്‌സിന്റെ ശ്രമം.

വിദേശ താരങ്ങള്‍ ഐ.പി.എല്‍ കളിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും ഐ.പി.എല്‍ കൊണ്ടുവന്നിട്ടുണ്ട്. ലേലത്തിന് മുമ്പ് വ്യക്തമായ കാരണങ്ങളില്ലാതെ പിന്‍മാറുന്ന താരത്തിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിക്കും. നവംബര്‍ മൂന്നാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസം.

സ്‌റ്റോക്‌സ് ലേലത്തില്‍ പങ്കെടുക്കുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഐ.പി.എല്ലിന്റെ പുതിയ നിയമപ്രകാരം ഐ.പി.എല്‍ 2027 വരെ താരത്തിന് കളിക്കാനും സാധിക്കില്ല.

ഇംഗ്ലണ്ടിന്റെ ടി-20 സ്‌ക്വാഡില്‍ നിലവില്‍ സ്ഥിരസാന്നിധ്യമല്ലാത്ത സ്റ്റോക്‌സിന്റെ തീരുമാനം എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2019ലും 2022ലും ഇംഗ്ലണ്ടിനെ വേള്‍ഡ് കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായ സ്റ്റോക്‌സിന്റെ തീരുമാനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 2017ല്‍, തന്റെ ആദ്യ സീസണില്‍ തന്നെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സില്‍ കളിക്കവെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ട താരം 2023ല്‍ സൂപ്പര്‍ കിങ്‌സിനൊപ്പം ചാമ്പ്യനുമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനൊപ്പവും സ്‌റ്റോക്‌സ് കളത്തിലിറങ്ങിയിട്ടുണ്ട്.

Content highlight: Reports says Ben Stokes will not play IPL 2025

We use cookies to give you the best possible experience. Learn more