ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിനെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി എസ്.എ-20 ടീം എം.ഐ കേപ്ടൗണ്‍. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിനായാണ് കേപ്ടൗണ്‍ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.
ആറ് ടീമുകളുമായി 2023ലാണ് എസ്.എ-20 ആരംഭിച്ചത്. നിലവിലുള്ള എല്ലാ ടീമുകളും ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ളവരാണ്. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടാണ് എം.ഐ കേപ്ടൗണ്‍.
ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 800,000 പൗണ്ടിന്റെ (ഏകദേശം 8.65 കോടി ഇന്ത്യന്‍ രൂപ) ഓഫറാണ് എം.ഐ കേപ്ടൗണ്‍ ബെന്‍ സ്റ്റോക്സിന് മുമ്പില്‍ വെച്ചിരിക്കുന്നത്. സ്റ്റോക്‌സ് അടുത്ത സീസണില്‍ കേപ്ടൗണില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കുറച്ചുകാലമായി താരം ടി-20 ഫോര്‍മാറ്റുകളുടെ ഭാഗമല്ല. പക്ഷേ സ്റ്റോക്‌സ് നിലവില്‍ സ്ഥിരമായി പന്തെറിയുന്നുണ്ട്. ഇക്കാരണംകൊണ്ടുതന്നെ ഒരു മികച്ച ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിക്ക് താരത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.
2022 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതില്‍ പ്രധാനിയായിരുന്നു ബെന്‍ സ്‌റ്റോക്‌സ്. ഐ.പി.എല്ലിലെ അവസാന സീസണില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും 2017 എഡിഷനില്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരം നേടിയത് സ്‌റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിനെ ടീമിലെത്തിക്കുന്നതോടെ ടീമിന്റെ തലവര മാറുമെന്നാണ് ആരാധകരും ഫ്രാഞ്ചൈസിയും ഉറച്ചുവിശ്വസിക്കുന്നത്.
ഇക്കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കേപ്ടൗണ്‍. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി 13 പോയിന്റായിരുന്നു പൊള്ളാര്‍ഡ് നയിച്ച ടീമിനുണ്ടായിരുന്നത്.
ആദ്യ സീസണിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് മത്സരം കളിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഏഴിലും തോറ്റു. 13 പോയിന്റ് തന്നെയായിരുന്നു ടീമിന് നേടാന്‍ സാധിച്ചത്.
എസ്.എ-20യുടെ ആദ്യ രണ്ട് സീസണിലും സണ്‍റൈസേഴ്‌സ് ഇസ്റ്റേണ്‍ കേപ്പാണ് കിരീടമുയര്‍ത്തിയത്. ആദ്യ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇനാഗുറല്‍ ചാമ്പ്യന്‍മാരായ ടീം രണ്ടാം സീസണില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെ 89റണ്‍സിനും തോല്‍പിച്ച് കപ്പുയര്‍ത്തി.
അടുത്ത വര്‍ഷം ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ടൂര്‍ണമെന്റിന്റെ മൂന്നാം സീസണ്‍. ഫൈനലടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക.
Content Highlight: Reports says Ben Stokes set to join MI Cape Town