ചെന്നൈയെ കിരീടം ചൂടിച്ചവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലയാകുമോ? പകരക്കാരന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും, തകര്‍പ്പന്‍ നീക്കത്തിന് ബി.സി.സി.ഐ
Sports News
ചെന്നൈയെ കിരീടം ചൂടിച്ചവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലയാകുമോ? പകരക്കാരന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും, തകര്‍പ്പന്‍ നീക്കത്തിന് ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2024, 9:34 pm

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ ചുമതലപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ബി.സി.സി.ഐ ഫ്‌ളെമിങ്ങിനെ പരിഗണിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുക്കുന്നതില്‍ ഒരു നിബന്ധനയും അപെക്‌സ് ബോര്‍ഡ് ഫ്‌ളെമിങ്ങിന് മുമ്പില്‍ വെച്ചേക്കും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20) പരിശീലക സ്ഥാനമേറ്റെടുക്കാനാകും ബി.സി.സി.ഐ ആവശ്യപ്പെടുക. അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ പത്ത് മാസവും അദ്ദേഹം സ്‌ക്വാഡിനൊപ്പമുണ്ടായിരിക്കണം.

 

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ച സാഹചര്യത്തില്‍ ഫ്‌ളെമിങ് ഇതിന് തയ്യാറാകുമോ എന്ന് കണ്ടറിയണം.

2024ലെ ഐ.സി.സി ടി-20 ലോകകപ്പിന് ശേഷം ദേശീയ ടീമിലേക്ക് പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ അപെക്‌സ് ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫ്‌ളെമിങ്ങാണ് രാഹുലിന് പകരക്കാരനാകാന്‍ കൂടുതല്‍ സാധ്യതകളുള്ളത്.

2009 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകനായ ഫ്‌ളെമിങ് അഞ്ച് തവണ സൂപ്പര്‍ കിങ്‌സിനെ കിരീടവുമണിയിച്ചിട്ടുണ്ട്. സി.എസ്.കെയിലെ മികച്ച ട്രാക്ക് റെക്കോഡ് അദ്ദേഹത്തിന് അനുകൂലമായി വന്നേക്കും.

 

ഫ്‌ളെമിങ്ങും ബി.സി.സി.ഐയും തമ്മില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെ വിടുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ഇതിന് പുറമെ ഫ്‌ളെമിങ്ങുമായുള്ള കരാര്‍ നീട്ടാന്‍ ചെന്നൈയും ഒരുങ്ങുന്നുണ്ട്.

ചെന്നൈയെ കൂടാതെ, എസ്.എ 20ല്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്സിന്റെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്സസ് സൂപ്പര്‍ കിങ്സിന്റെയും പരിശീലകനാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സഹോദര ഫ്രാഞ്ചൈസികളാണ് ഇരു ടീമുകളും.

 

ഇതിന് പുറമെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നാല് സീസണുകളില്‍ പരിശീലിപ്പിച്ച ഫ്‌ളെമിങ് ദി ഹണ്‍ഡ്രഡില്‍ സതേണ്‍ ബ്രേവിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ്.

 

Content highlight: Reports says BCCI wants Stephen Fleming to replace Rahul Dravid as India’s head coach