ഗുജറാത്തില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര നേടാം എന്നിരിക്കെ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇഷാന്‍ കിഷനെ ഇന്ത്യ ഒഴിവാക്കാനൊരുങ്ങുകയാണെന്ന് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സ്ഥാനം ലഭിക്കാതിരുന്ന പൃഥ്വി ഷായെ ആണ് ഇഷാന്‍ കിഷന്റെ പകരക്കാരനായി ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഷാ ടീമിനായി റണ്ണുകള്‍ നേടുന്നതിലും വിദഗ്ധനാണ്. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ക്കുതന്നെ ആക്രമിച്ചു കളിക്കുന്ന ഷാ ടി-20 ഫോര്‍മാറ്റിന് പറ്റിയ ബാറ്ററാണ്.
ആദ്യ പന്ത് മുതല്‍ക്കുതന്നെ ബൗളര്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗിന്റെ അതേ കളിരീതിയാണ് ഷായും അവലംബിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഷായെ അടുത്ത വിരേന്ദര്‍ സേവാഗ് എന്നും വിശേഷിപ്പിക്കാറുണ്ട്.
ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ റാഞ്ചിയില്‍ വെച്ച് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ലഖ്‌നൗവിലെ എകാനെ സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 പന്തില്‍ നിന്നും 19 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. പരമ്പര വിജയം മാത്രമല്ല, ഏറെ നാളായി സ്വന്തം മണ്ണില്‍ തോല്‍വിയറിഞ്ഞിട്ടില്ല എന്ന വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താനും ഇന്ത്യക്ക് മൂന്നാം ടി-20യില്‍ വിജയം കൂടിയേ തീരൂ.