| Tuesday, 21st May 2024, 6:15 pm

ഗംഭീറല്ല; ഇന്ത്യയുടെ കോച്ചായി അവന്‍ വേണം; ധോണിയുടെ സഹായം തേടി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാന പരിശീലകനുമായ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ ചുമതലപ്പെടുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ബി.സി.സി.ഐ ഫ്ളെമിങ്ങിനെ പരിഗണിക്കുന്നത്.

ഗംഭീര്‍ അടക്കമുള്ള മറ്റുള്ളവരെ ബി.സി.സി.ഐ പരിഗണിക്കുന്നുണ്ടെങ്കിലും ഫ്‌ളെമിങ്ങിനെ പരിശീലകനായി കൊണ്ടുവരുന്നതില്‍ അപെക്‌സ് ബോര്‍ഡ് പ്രത്യേകം താത്പര്യപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എം.എസ്. ധോണിയുടെ സഹായം തേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഫ്ളെമിങ്ങിനാണ് അപെക്‌സ് ബോര്‍ഡ് ആദ്യ പരിഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍ 2027 വരെ ഇന്ത്യയുടെ പരിശീലകനാകുന്നതില്‍ അദ്ദേഹം അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ല.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20) പരിശീലക സ്ഥാനമേറ്റെടുക്കാനാകും ബി.സി.സി.ഐ ആവശ്യപ്പെടുക. അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ പത്ത് മാസവും അദ്ദേഹം സ്‌ക്വാഡിനൊപ്പമുണ്ടായിരിക്കണം. ഇതാണ് അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം.

ഇതോടെയാണ് ബി.സി.സി.ഐ ധോണിയുടെ സഹായം തേടിയിരിക്കുന്നത്. ധോണി ചെന്നൈ പരിശീലകനുമായി ഉടന്‍ സംസാരിക്കുമെന്നും ഇതോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

‘സ്റ്റീഫന്‍ ഫ്ളെമിങ് ഇതുവരെ നോ പറഞ്ഞിട്ടില്ല. കരാറിന്റെ കാലാവധിയെക്കുറിച്ചാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നത്. അതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല.

രാഹുല്‍ ദ്രാവിഡിന് പോലും തുടക്കത്തില്‍ താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഫ്ളെമിങ്ങിനെ കാര്യം പറഞ്ഞ് മനസ്സിലാക്കാനുളള ജോലി ചെയ്യാന്‍ എം.എസ്. ധോണിയേക്കാള്‍ മികച്ചതായി ആരാണുളളത്?’ പേരു വെളിപ്പെടുത്താത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2009 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായ ഫ്ളെമിങ് അഞ്ച് തവണ സൂപ്പര്‍ കിങ്സിനെ കിരീടവുമണിയിച്ചിട്ടുണ്ട്. സി.എസ്.കെയിലെ മികച്ച ട്രാക്ക് റെക്കോഡ് അദ്ദേഹത്തിന് അനുകൂലമായി വന്നേക്കും.

ചെന്നൈയെ കൂടാതെ, എസ്.എ 20ല്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെയും പരിശീലകനാണ് അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സഹോദര ഫ്രാഞ്ചൈസികളാണ് ഇരു ടീമുകളും.

ഇതിന് പുറമെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നാല് സീസണുകളില്‍ പരിശീലിപ്പിച്ച ഫ്ളെമിങ് ദി ഹണ്‍ഡ്രഡില്‍ സതേണ്‍ ബ്രേവിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ്.

Content Highlight:  Reports says BCCI might ask MS Dhoni to help convince Stephen Fleming to apply for the job o India’s head coach

We use cookies to give you the best possible experience. Learn more