ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതേ താരങ്ങള്‍ തന്നെയായിരിക്കും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ഇടം നേടുക എന്നതില്‍ തന്നെ ആരാധകര്‍ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പുറത്തുവിട്ടിരുന്നു.
ഇപ്പോള്‍ ഏകദിന പരമ്പരയ്ക്കായുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് കാര്യങ്ങള്‍ ഒട്ടും പന്തിയല്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ താരത്തിന്റെ അസാന്നിധ്യം അപെക്‌സ് ബോര്‍ഡില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്തുകൊണ്ട് താരം ടൂര്‍ണമെന്റിന്റെ ഭാഗമല്ല എന്ന കാര്യത്തില്‍ ബി.സി.സി.ഐ സഞ്ജുവിനോട് വിശദീകരണം ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര ക്രിക്കറ്റിന് നിലവില്‍ ഇന്ത്യ ഏറെ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ സഞ്ജുവിന്റെ പ്രവൃത്തി സെലക്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം. സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മറ്റൊരു താരത്തിന് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന നിലപാടാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നാണ് കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍ പറഞ്ഞത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍
നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ ശ്രേയസ് അയ്യരിനും ഇഷാന്‍ കിഷനും സെന്‍ട്രല്‍ കോണ്‍ട്രാക്ട് അടക്കം നഷ്ടമായിരുന്നു.
‘ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റിയും ക്രിക്കറ്റ് ബോര്‍ഡും ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും അനുവാദമില്ലാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയതിനാല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് തന്നെ നഷ്ടപ്പെട്ടിരുന്നു.
സഞ്ജുവിന്റെ കാര്യത്തില്‍, എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തി എന്നതില്‍ ഒരു വിശദീകരണവും താരം നല്‍കിയിട്ടില്ല. അദ്ദേഹം ദുബായില്‍ ചെലവഴിക്കുകയാണെന്ന് മാത്രമാണ് ഇതുവരെ അറിയാന്‍ സാധിച്ചിട്ടുള്ളത്,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
‘എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ല എന്നതിന് സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ വ്യക്തമായ ഒരു കാരണം നല്‍കേണ്ടി വരും. അല്ലാത്തപക്ഷം അവനെ വരാനിരിക്കുന്ന ഏകദിന ക്യാമ്പെയ്‌നുകളുടെ ഭാഗമാക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും.
കെ.സി.എയുമായി സഞ്ജുവിന് അത്ര മികച്ച ബന്ധമല്ല ഉള്ളത്. എന്നാല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നതിനായി ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്. സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മില്‍ പ്രശ്ങ്ങളുണ്ട് എന്നതിനാല്‍ സഞ്ജുവിനെ കളിപ്പിച്ചില്ല എന്ന് കരുതാന്‍ സാധിക്കില്ല, കാരണം വിജയ് ഹസാരെ ട്രോഫിക്ക് മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു ടീമിനൊപ്പമുണ്ടായിരുന്നു,’ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാകാന്‍ കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍, റിഷബ് പന്ത് എന്നീ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതപോലെ കാര്യങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടാകില്ല.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി-20 സ്‌ക്വാഡില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
Content Highlight: Reports says BCCI may look into Sanju Samson’s non-participation in the Vijay Hazare Trophy