ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് എ പ്ലസ് കാറ്റഗറിയില്‍ ഇടം നേടാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. മൂവരും 2024 ടി-20 ലോകകപ്പിന് പിന്നാലെ കുട്ടി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് പുതുക്കിയ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ മൂവര്‍ക്കും എ പ്ലസ് കാറ്റഗറി നഷ്ടപ്പെടാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂന്ന് താരങ്ങളും എ കാറ്റഗറിയിലേക്ക് ഡിമോട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.പി.എല്ലിന് ശേഷം ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍കര്‍, പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍, ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ എന്നിവര്‍ മാര്‍ച്ച് 29ന് ഗുവാഹത്തിയില്‍ യോഗം ചേരും.
ഈ യോഗത്തില്‍ ബി.സി.സി.ഐയുടെ കേന്ദ്ര കരാറുകളെ കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സാധാരണയായി ഐ.പി.എല്‍ സീസണിന് മുന്നോടിയായാണ് ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടുകള്‍ പ്രഖ്യാപിക്കുക. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനായാണ് ഇത്തവണ പ്രഖ്യാപനം വൈകിയത്.
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയാണ് പുരുഷ താരങ്ങളുടെ ബി.സി.സി.ഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ളത്. എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടിയാണ് ലഭിക്കുക. എ കാറ്റഗറിയിലെ താരങ്ങള്‍ക്ക് അഞ്ച് കോടിയും ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് മൂന്ന് കോടിയും ലഭിക്കും. ഒരു കോടിയാണ് സി കാറ്റഗറി കോണ്‍ട്രാക്ട് ലഭിക്കുന്ന താരങ്ങളുടെ പ്രതിഫലം.
മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുറം, രവീന്ദ്ര ജഡേജ എന്നിവരാണ് നിലവില്‍ എ പ്ലസ് കോണ്‍ട്രാക്ടുള്ള താരങ്ങള്‍. ഇക്കൂട്ടത്തില്‍ ബുംറ മാത്രമാണ് നിലവില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍.
അതേസമയം, സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലേക്ക് മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ആഭ്യന്തര തലത്തില്‍ മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചൂടിച്ചതും ശ്രേയസിന് തുണയാകും.
നേരത്തെ, ബി.സി.സി.ഐയുടെ നിര്‍ദേശം ലംഘിച്ച് ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതിരുന്നതോടെയാണ് ശ്രേയസ് അയ്യരിനെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയത്. ശ്രേയസ് അയ്യരിന് പുറമെ ഇഷാന്‍ കിഷനും ഇത്തരത്തില്‍ കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. എന്നാല്‍ പോയ സീസണില്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഇഷാന്‍ കിഷനും മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു.
അതേസമയം, നിലവില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ക്ക് എ കാറ്റഗറിയിലേക്ക് പ്രൊമോഷന്‍ ലഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ബി.സി.സി.ഐ വനിതാ താരങ്ങളുടെ ആന്വല്‍ റിറ്റെന്‍ഷിപ് കോണ്‍ട്രാക്ട് പ്രഖ്യാപിച്ചിരുന്നു. എ, ബി, സി ഗ്രേഡുകളിലായി 15 താരങ്ങളുടെ പട്ടികയാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചത്.
ഗ്രേഡ് എ: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ.
ഗ്രേഡ് ബി: രേണുക താക്കൂര്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഷെഫാലി വര്‍മ.
ഗ്രേഡ് സി: യാഷ്ടിക ഭാട്ടിയ, രാധ യാദവ്, ശ്രേയാങ്ക പാട്ടീല്‍, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, അമന്‍ജോത് കൗര്‍, ഉമ ഛേത്രി, സ്‌നേഹ് റാണ, പൂജ വസ്ത്രാര്‍കര്‍.
Content Highlight: Reports says BCCI may demote Virat Kohli, Ravindra Jadeja and Rohit Sharma from A+ category to A