| Sunday, 3rd September 2023, 8:28 am

ബ്രേക്കിങ്: ലോകകപ്പിനുള്ള അന്തിമ പട്ടിക പുറത്ത്; ഒ.ഡി.ഐ ഫ്‌ളോപ്പ് ലോകകപ്പ് കളിക്കുമ്പോള്‍ സഞ്ജു പുറത്ത് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ശേഷം രാത്രിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ടീം തെരഞ്ഞെടുത്തത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ശ്രീലങ്കയിലെത്തുകയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍  രാഹുല്‍ ദ്രാവിഡ് എന്നിവരെ കാണുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന സഞ്ജു സാംസണ്‍ ലോകകപ്പിനുണ്ടാവില്ല എന്നാണ് വ്യക്തമാകുന്നത്. സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്ഥാനം നേടിയ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വര്‍മ എന്നിവര്‍ക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രോഹിത് ശര്‍മ നയിക്കുന്ന സ്‌ക്വാഡില്‍ ശുഭ്മന്‍ ഗില്‍, സീനിയര്‍ താരം വിരാട് കോഹ്‌ലി, നാലാം നമ്പറിലെ വിശ്വസ്ഥന്‍ ശ്രേയസ് അയ്യര്‍, ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവരാകും ടീമിന്റെ ബാറ്റങ്ങില്‍ കരുത്താവുക.

ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റ് കൂടുതല്‍ ശക്തമാക്കുന്നതിനായി ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെയും അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡിന്റെ ഭാഗമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പേസ് സെന്‍സേഷന്‍ മുഹമ്മദ് സിറാജും തന്നെയാണ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് ഷമിയും പേസ് നിരയുടെ കരുത്താകുമ്പോള്‍, ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിലാണ് ബി.സി.സി.ഐ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

കെ.എല്‍. രാഹുലിന്റെ പരിക്ക് ഇപ്പോഴും തലവേദനയായി തുടരുന്നുണ്ടെങ്കിലും അദ്ദേഹവും ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ്. പരിക്കിന് പിന്നാലെ രാഹുലിന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ലോകകപ്പിനുള്ള അന്തിമ പട്ടിക സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ നാലിന് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ടീം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ ടീം കെ.എല്‍. രാഹുലിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയതോടെയാണ് ടീം ഫൈനലൈസ് ചെയ്തത്.

രാഹുലിന്റെ പരിക്കിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാലാണ് ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി ടീമിനൊപ്പം ചേര്‍ന്നത്. കെ.എല്‍. രാഹുലിന്റെ ആരോഗ്യനിലയില്‍ മെഡിക്കല്‍ ടീം തൃപ്തി പ്രകടപ്പിച്ചതോടെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കണമെന്നും ബി.സി.സി.ഐക്ക് വ്യക്തമായിരിക്കുകയാണ്.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Content Highlight: Reports says BCCI finalize squad for ICC World Cup

We use cookies to give you the best possible experience. Learn more