ടി-20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പല ഇന്ത്യന്‍ താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കറും ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇക്കാര്യം നിരീക്ഷിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പല താരങ്ങളും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചേക്കാം എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.
പല സീനിയര്‍ താരങ്ങളോടും ബി.സി.സി.ഐ വിരമിക്കാന്‍ ആവശ്യപ്പെട്ടേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ തങ്ങള്‍ ആരോടും വിരമിക്കണമെന്നാവശ്യപ്പെട്ടിട്ടില്ല എന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാനേജ്‌മെന്റ് ആരോടും വിരമിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും അതെല്ലാം വ്യക്തിഗത തീരുമാനങ്ങളാണ് എന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ബി.സി.സി.ഐ ആരോടും വിരമിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതെല്ലാം ഒരു വ്യക്തിയുടെ മാത്രം തീരുമാനങ്ങളാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ടതില്ല,’ ബി.സി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞതായി ക്രിക്കറ്റ് അഡിക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മത്സരത്തില്‍ പരാജയമായപ്പെട്ടതിന് പിന്നാലെ രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയണമെന്നും ദിനേഷ് കാര്‍ത്തിക് അടക്കമുള്ള പല താരങ്ങളും ടി-20യില്‍ നിന്നും വിരമിക്കണമെന്നും ആരാധകര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.