ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം അടുത്തുവരെ കോച്ച് ഗൗതം ഗംഭീറിന് തലവേദനയായി കോച്ചിങ് സ്റ്റാഫുകളുടെ അഭാവം. പരിശീലകനെന്ന നിലയില്‍ താന്‍ സമര്‍പ്പിച്ച ബൗളിങ്-ബാറ്റിങ്-ഫീല്‍ഡിങ് കോച്ചുകളുടെ പേരുകള്‍ ബി.സി.സി.ഐ അംഗീകരിക്കാത്തതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
ഒരുപക്ഷേ ഇനിയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കില്‍ എന്‍.സി.എയിലെ കോച്ചിങ് സ്റ്റാഫുകളായിരിക്കും ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അനുഗമിക്കുക.
നേരത്തെ ഇന്ത്യയുടെ ബൗളിങ് പരിശീലകന്റെ റോളിലേക്ക് മുന്‍ ഇന്ത്യന്‍ താരങ്ങളായ വിനയ് കുമാറിന്റെയും ലക്ഷ്മിപതി ബാലാജിയുടെയും പേരുകള്‍ താരം നിര്‍ദേശിച്ചെങ്കിലും ആദ്യ ചര്‍ച്ചകളില്‍ തന്നെ ഇവര്‍ പുറത്താവുകയായിരുന്നു.
ഫില്‍ഡീങ് കോച്ചായി ഇതിഹാസ താരം ജോണ്ടി റോഡ്‌സിനെയും റയാന്‍ ടെന്‍ ഡോഷേറ്റിനെയുമെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും വിഫലമായി.
ഇന്ത്യയുടെ ബൗളിങ് കോച്ചായി സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരവും മുന്‍ പാകിസ്ഥാന്‍ ബൗളിങ് കോച്ചുമായി മോണി മോര്‍കലിനെ ചുമതലപ്പെടുത്താനുള്ള ഗംഭീറിന്റെ നീക്കത്തിനാണ് അപെക്‌സ് ബോര്‍ഡ് അവസാനമായി നോ പറഞ്ഞതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച്, ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച് സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ താരങ്ങളെ തന്നെ പരിഗണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഇന്ത്യ ഇതേ രീതി തന്നെയാണ് അവലംബിക്കുന്നതും. ഇത് മറികടക്കാന്‍ ബോര്‍ഡിന് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണയായി സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ പ്രധാന പരിശീലകരെ അനുവദിക്കാറുണ്ട്.
ഇന്ത്യന്‍ ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതിന് പിന്നാലെയാണ് ഗംഭീര്‍ ആ റോളിലെത്തിയത്. ദ്രാവിഡിനൊപ്പം ടീമിന്റെ ബാറ്റിങ് കോച്ചായ വിക്രം റാത്തോര്‍, ബൗളിങ് കോച്ചായ പരാസ് മാംബ്രെ, ഫീല്‍ഡിങ് കോച്ചായ ടി. ദിലീപ് എന്നിവരുടെയും കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ദിലീപിനെ ഫീല്‍ഡിങ് കോച്ചിന്റെ റോളില്‍ ബി.സി.സി.ഐ തുടരാന്‍ അനുവദിച്ചേക്കും.
അതേസമയം, പല പ്രധാന ടൂര്‍ണമെന്റുകളും ഗംഭീറിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. വരുന്ന മൂന്ന് വര്‍ഷത്തില്‍ നാല് ഐ.സി.സി ഇവന്റുകളാണ് ഗംഭീറിനും ഇന്ത്യന്‍ ടീമിനും മുമ്പിലുള്ളത്.
2025 ചാമ്പ്യന്‍സ് ട്രോഫി, 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2026 ടി-20 ലോകകപ്പ്, 2027 ഏകദിന ലോകകപ്പ് എന്നിവയാണത്.
2031 വരെയുള്ള ഐ.സി.സി ഇവന്റുകളുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ്, 2029ല്‍ ഇന്ത്യ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫി, തൊട്ടടുത്ത വര്‍ഷം യു.കെയില്‍ നടക്കുന്ന ടി-20 ലോകകപ്പ്, ബംഗ്ലാദേശും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2031 ഏകദിന ലോകകപ്പ് എന്നിവയാണ് പുരുഷ ക്രിക്കറ്റില്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍.
Content Highlight: Reports says BCCI declines Gautam Gambhir’s request to appoint Morne Morkal as bowling coach