നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന ബാഴ്‌സയുടെ ഹോം സ്‌റ്റേഡിയമായ സ്‌പോട്ടിഫൈ ക്യാമ്പ് നൗവില്‍ വെച്ച് മത്സരം നടത്താനാണ് ആലോചിക്കുന്നതെന്നാണ് ബോലാവിപ് അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് സ്‌റ്റേഡിയങ്ങള്‍ പരിഗണനയിലുണ്ടെങ്കിലും മത്സരം ബാഴ്‌സയിലെത്തുകയാണെങ്കില്‍ ക്യാമ്പ് നൗ തന്നെയായിരിക്കും ഈ ക്ലാസിക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
നിലവില്‍ നവീകരണ പ്രവൃത്തി നടക്കുന്ന സ്റ്റേഡിയം 2024 അവസാനത്തോടെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64,000 ആയിരിക്കും അപ്പോഴുള്ള സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. 2026ല്‍ മാര്‍ച്ചോടെ ഇത് 1,05,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.
ക്യാമ്പ് നൗവില്‍ മത്സരമെത്തുകയാണെങ്കില്‍ ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരവും കറ്റാലന്‍ പടയുടെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരവും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകര്‍ സാക്ഷ്യം വഹിക്കുക.
🚨 BREAKING: Although it’s just a dream and an idea on their end for now, Barcelona would like to be the ones to host the Finalissima between Spain and Argentina in March 2026 at the new Spotify Camp Nou. @GermanCarrara#FCB 🔵🔴🏟️ pic.twitter.com/IcRgo7o9Uu
തന്നെ താനാക്കിയ ക്യാമ്പ് നൗവില്‍ വെച്ച മറ്റൊരു കിരീടം കൂടി നേടാനുള്ള അവസരമാണ് മെസിക്ക് മുമ്പിലുള്ളത്. ബാഴ്‌സക്കൊപ്പം ലാ ലിഗയും യുവേഫ ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍ റേയും അടക്കം 35 തവണയാണ് മെസി കിരീടമണിഞ്ഞത്.
അതേസമയം, മെസിയുടെ എതിരാളിയായി എത്തുന്നതാകട്ടെ ക്യാമ്പ് നൗവിന്റെ പുതിയ രാജകുമാരന്‍ ലാമിന്‍ യമാലും. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ബാഴ്‌സ ഫാന്‍സ് ആര്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കുമെന്ന് കണ്ടുതന്നെ അറിയണം.
കോപ്പ അമേരിക്കയില്‍ കൊളംബിയയെ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. എക്‌സ്ട്രാ ടൈമിന്റെ 22ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് ഗോള്‍ നേടിയത്.
യൂറോയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ യൂറോപ്പിന്റെ രാജാക്കന്‍മാരായത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്‍മാര്‍ മത്സരം വിജയിച്ചുകയറിയത്.
ഫൈനലിസിമ കിരീടം കയ്യടക്കി വെച്ചാണ് അര്‍ജന്റീന വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. 2022ല്‍ അസൂറികളെ തകര്‍ത്താണ് മെസിപ്പട കിരീടം നേടിയത്.
നിറഞ്ഞുകവിഞ്ഞ വെംബ്ലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസിയുടെ ചെകുത്താന്‍മാര്‍ ബൊണൂച്ചിയെയും സംഘത്തെയും കരയിച്ചുവിട്ടത്. ആല്‍ബിസെലസ്റ്റിനായി ലൗട്ടാരോ മാര്‍ട്ടിനസ്, ആന്‍ഹെല്‍ ഡി മരിയ, പൗലോ ഡിബാല എന്നിവരാണ് ഗോള്‍ നേടിയത്.
Content highlight: Reports says Barcelona willing to host Finalissima between Argentina and Spain