പി.എസ്.ജി വിടുന്ന ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ബാഴ്‌സ പ്രസിഡന്റും മെസിയുടെ പിതാവും തമ്മിലുള്ള കൂടിക്കാഴ്ചയും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു.
എന്നാല്‍ ആരാധകരെ പാടെ നിരാശപ്പെടുത്തിക്കൊണ്ട് മെസി അമേരിക്കന്‍ ലീഗിലേക്ക് സ്വയം പറിച്ചു നടുകയായിരുന്നു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് താരം കൂടുമാറിയത്. ഇത് ആരാധകരിലും പ്രത്യേകിച്ച് സാവിയിലും ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല.
എന്നാല്‍ മെസി ടീമിലെത്താത്തതിന് പിന്നാലെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് സാവിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതാരം മിക്ക മര്‍മോളിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലാലിഗ 2 ടീമായ എഫ്.സി അന്‍ഡോറയില്‍ നിന്നും താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ സാധിക്കുന്ന രണ്ട് പ്രധാന ക്ലോസുകള്‍ ബാഴസ്‌ക്ക് മുമ്പിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വേനലില്‍ മര്‍മോളിന്റെ കരാറില്‍ ബാഴ്‌സ ഒരു മില്യണ്‍ യൂറോയുടെ ബൈബാക്ക് ക്ലോസ് ചേര്‍ത്തിരുന്നു. താരത്തെ മറ്റേതെങ്കിലും ടീം സ്വന്തമാക്കുകയാണെങ്കില്‍, ആ ട്രാന്‍സ്ഫര്‍ ഫീയുടെ 50 ശതമാനം ബാഴ്‌സക്ക് ലഭിക്കുമെന്നും സ്പാനിഷ് ഔട്ട്‌ലെറ്റായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എഫ്.സി അന്‍ഡോറയിലെത്തിയ നിമിഷം മുതല്‍ തന്നെ ഈ സെന്റര്‍ബാക്ക് ടീമിന്റെ വിശ്വസ്തനാവുകയായിരുന്നു. സീസണില്‍ അന്‍ഡോറക്കായി 38 മത്സരം കളിച്ച മര്‍മോള്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ലാലിഗ 2ല്‍ ഇതിനോടകം 3,148 മിനിട്ട് കളിച്ച താരം ഇതിനോടകം തന്നെ ഏത് ടീമും കൊതിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. 21ാം വയസില്‍ ബാഴ്‌സയുടെ സീനിയര്‍ ടീമിലെത്തുകയാണെങ്കില്‍ മര്‍മോളിന്റെ കരിയറില്‍ തന്നെ വലിയ നാഴികക്കല്ലാകുമത്.
മര്‍മോളിനെ ടീമിലെത്തിക്കാന്‍ സാവി ഇതിനോടകം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലാ മാസിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ബാഴ്‌സ ടീമിലെത്തിച്ചാല്‍ക്കൂടിയും താരത്തിന് ഉടനെയൊന്നും ക്യാമ്പ് നൗവില്‍ കളിക്കാന്‍ സാധിച്ചേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബാഴ്‌സയില്‍ അവസരം ലഭിക്കുന്നത് കുറവായതിനാല്‍ താരത്തെ മറ്റേതെങ്കിലും ടീമിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം ഗുണ്ടോഗാനെ ടീമിലെത്തിക്കാനും ബാഴ്‌സ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. താരം ബാഴ്‌സയുമായി വാക്കാല്‍ കരാറിലെത്തിയിട്ടുണ്ടെന്ന് ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ ഫെര്‍ണാണ്ടോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നു.
🚨🚨| BREAKING: FC Barcelona have reached a verbal agreement with İlkay Gündoğan! The club can register him & wants to complete his signing in the next few hours. Official announcement expected after the UCL Final. @ffpolo ☎️🔜🔥 pic.twitter.com/EioI13neX9